കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഇനി ക്യൂവിൽ നിൽക്കാതെയും ഉദ്യോഗസ്ഥ ഇടപെടലില്ലാതെയും അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ സഹായിക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (FTI-TTP) സംവിധാനം നിലവിൽ വന്നു. ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും സ്മാർട് ഗേറ്റ് സംവിധാനത്തിലൂടെ കടന്നു പോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തു നിൽക്കേണ്ടതില്ല.കേന്ദ്ര സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായുള്ള കിയോസ്കുകൾ ആഗസ്റ്റ് 15 മുതൽ ടെർമിനൽ 3-ലെ ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ പ്രവർത്തിച്ചുതുടങ്ങും. ഈ നൂതന പദ്ധതിയിലൂടെ ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർക്കും സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും.ഈ സൗകര്യം ഉപയോഗിക്കുന്നതിന് മൂന്ന് മാർഗങ്ങൾ ഉണ്ട്;www.ftittp.mha.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ആവശ്യമായ രേഖകളോടെ ആർക്കും ഇതിൽ അംഗമാകാനാകും.കൊച്ചി ഉൾപ്പെടെയുള്ള എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകൾ വഴി നേരിട്ടും അപേക്ഷ നൽകാം.തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) വഴി അപേക്ഷിക്കാം.അപേക്ഷ നൽകിക്കഴിഞ്ഞാൽ, വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടി വരും. തുടർന്ന് വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും പദ്ധതിയിൽ അംഗത്വം നൽകുക. അപേക്ഷകരുടെ തിരിച്ചറിയൽ മൊബൈൽ ഒ.ടി.പി.യും ഇമെയിൽ പരിശോധനയും വഴി സ്ഥിരീകരിക്കുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും. കൂടുതൽ വിവരങ്ങൾ അറിയാനായി india.ftittp-boi@mha.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.ഇത് പ്രവാസികൾക്കും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും ഏറെ സഹായകമാകും. നിലവിൽ കൊച്ചി കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും ഈ സൗകര്യം പ്രവർത്തിക്കുന്നുണ്ട്. മറ്റു വിമാനത്താവളങ്ങളിലും ഈ സംവിധാനം ഉടൻ നിലവിൽ വരും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!