ന്യൂഡൽഹി: യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ സജീവമായിരിക്കെ, പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎൽഎ ചാണ്ടി ഉമ്മൻ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. പ്രവാസി വ്യവസായി സാജൻ ലത്തീഫും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ കുടുംബത്തിന്റെ മോചനത്തിനായുള്ള അപേക്ഷകൾ ഗവർണറെ ധരിപ്പിച്ചു. നേരത്തെയും ചാണ്ടി ഉമ്മൻ ഇതേ ആവശ്യം ഉന്നയിച്ച് ഗവർണറെ കണ്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഗവർണർ കേന്ദ്രസർക്കാരുമായി വിഷയത്തിൽ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.അതേസമയം, നിമിഷപ്രിയ കൊലപ്പെടുത്തിയ യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്ദുൾ ഫത്താഹ് മെഹ്ദി, നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തി. വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രോസിക്യൂട്ടർക്ക് നൽകിയ കത്ത് മെഹ്ദി ഫേസ്ബുക്കിൽ പങ്കുവെച്ചു. വധശിക്ഷ നീട്ടിവെച്ച് 15 ദിവസമായിട്ടും പുതിയ തീയതി നിശ്ചയിക്കാത്തതിലുള്ള ആശങ്കയും കത്തിൽ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളോ ചർച്ചകളോ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന തരത്തിൽ കേരളത്തിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് തലാലിന്റെ കുടുംബം വീണ്ടും ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് മോചനത്തിനായുള്ള ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്