കാസർകോട്: കാസർകോട് ജില്ലയിലെ പടന്നക്കാട് ഇന്ന് ഒരു എൽപിജി ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം. അപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നാളെ കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള 18, 19, 26 വാർഡുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.ടാങ്കർ സുരക്ഷിതമായി മാറ്റുന്നതുവരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. വീടുകളിൽ പാചക ആവശ്യങ്ങൾക്കായി ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കാൻ പാടില്ല. പുകവലിയും തീപ്പൊരി ഉണ്ടാക്കുന്ന ഒരു പ്രവർത്തനവും ചെയ്യരുത്.ഇൻവെർട്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്. വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തീപ്പൊരിക്ക് കാരണമായേക്കാം. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത് ഒഴിവാക്കുക. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നത് ഉണ്ടാക്കുന്ന സ്പാർക്കുകൾ അപകടകരമാണ്. വീഡിയോ ചിത്രീകരണം കർശനമായി നിരോധിച്ചിരിക്കുന്നു.അപകടം നടന്ന സ്ഥലത്തേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ അപകട മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതാണ്. നാളെ കാഞ്ഞങ്ങാട് മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയകോട്ടയിൽ നിന്ന് കല്ലൂരാവി വഴി തിരിഞ്ഞുപോകണം. നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ – കല്യാൺ റോഡ് – ആലയി വഴി കാഞ്ഞങ്ങാട് എത്തണം. ചരക്ക് വാഹനങ്ങളുടെ ഗതാഗതം നാളെ രാവിലെ 9:30 മുതൽ പൂർണ്ണമായി നിർത്തിവയ്ക്കും.