കൊച്ചി: സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർധിക്കുന്നെന്ന് റിപ്പോർട്ട്. അഞ്ചു മാസത്തിനിടെ 1,65,136 പേർക്ക് തെരുവ് നായകളുടെ കടിയേറ്റു എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇതിൽ 17 പേർ പേവിഷബാധയേറ്റ് മരിച്ചെന്നും ആരോഗ്യ വകുപ്പ് നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ രേഖകളിലാണ് കേരളത്തിലെ തെരുവ് നായ ശല്യത്തിന്റെ തീവ്രത വ്യക്തമാക്കുന്നത്.ജനുവരിമുതൽ മാർച്ചുവരെയുള്ള മൂന്ന് മാസത്തിനിടെ എറണാകുളം ജില്ലയിൽമാത്രം 9,169 പേർക്ക് തെരുവുനായകളുടെ കടിയേറ്റു എന്നാണ് റിപ്പോർട്ട്. ഇതിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതൽ പേർക്ക് കടിയേറ്റത്. അഞ്ചു മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റ് ആലപ്പുഴ ജില്ലയിൽ നാലു പേരും കൊല്ലം, മലപ്പുറം ജില്ലകളിൽ മൂന്നു പേരും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ രണ്ടുപേരും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ഒരാൾ വീതവും മരിച്ചു. ഏറ്റവും കുറവ് പേർക്ക് തെരുവ് നായയുടെ കടിയേറ്റത് വയനാട്ടിലാണ്.