കരടിക്കുഞ്ഞുമായി സെൽഫി എടുത്തതിന് പിന്നാലെ കരടിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. റൊമാനിയയിലെ വിനോദസഞ്ചാര കേന്ദ്രമായ കാർപാത്തിയൻ പർവതനിരയിലാണ് കഴിഞ്ഞ വ്യാഴാഴ്ച ദാരുണമായ സംഭവം നടന്നത്. തന്‍റെ കുഞ്ഞുമായി സെല്‍ഫി എടുത്തതിന് പിന്നാലെയാണ് കരടി ആക്രമണം നടത്തിയത്. കാർപാത്തിയൻ പർവതനിരയിലൂടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ഇറ്റാലിയൻ വിനോദ സഞ്ചാരിയായ 49 കാരി ഒമർ ഫറാങ് സിന്നാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് കരടിയുടെ ആക്രമണത്തെ കുറിച്ച് മറ്റ് വിനോദസഞ്ചാരികൾ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അപകടത്തിന് ശേഷം ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് ഒമറിന്‍റെ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.മരണത്തിന് ഒരു ദിവസം മുമ്പ് ഓമർ, ഒരു കരടിയോടൊപ്പമുള്ള തന്‍റെ സെല്‍ഫി ചിത്രങ്ങൾ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. തന്‍റെ പിന്നില്‍ അല്പം ദൂരെയായി നില്‍ക്കുന്ന കരടിയെ ചൂണ്ടിക്കൊണ്ട് ചിരിച്ച് കൊണ്ട് നില്‍ക്കുന്ന ഒമറിന്‍റെ സെല്‍ഫി ചിത്രമായിരുന്നു അദ്ദേഹം പങ്കുവച്ചത്. മറ്റൊരു വീഡിയോയില്‍ അദ്ദേഹം റോഡരികിൽ ഇരിക്കുന്ന ഒരു കരടിയെ മറികടന്ന് മോട്ടോര്‍ സൈക്കിളുമായി പോകുന്നത് കാണാം. ‘ഇതാ കരടി! എത്ര മനോഹരം. അത് എന്‍റെ നേരെ വരുന്നു’. ഒമർ വീഡിയോയില്‍ പറയുന്നത് കേൾക്കാമെന്ന് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. മിലാൻ മാൽപെൻസ വിമാനത്താവളത്തിലെ ജോലി ഉപേക്ഷിച്ചാണ് ഒമ‍ർ തന്‍റെ യാത്രകൾക്ക് തുടക്കമിട്ടത്.അതേസമയം പ്രദേശത്ത് ഇതിന് മുമ്പും നിരവധി പേര്‍ കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രദേശത്ത് ഒരു 19 -കാരിയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. റൊമാനിയയിൽ 10,000 മുതൽ 13,000 വരെ തവിട്ട് കരടികളുണ്ടെന്നാണ് കണക്കുകൾ. പര്‍വ്വത പ്രദേശങ്ങളില്‍ തവിട്ട് കരടിയുടെ ആക്രമണം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റൊമാനിയയിൽ ഏകദേശം 30 പേർ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. കാടിറങ്ങുന്ന കരടികൾ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!