പാലക്കാട്: ഒറ്റപ്പാലം കീഴൂരിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയുടെ മരണത്തിലാണ് യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നത്. സ്വകാര്യ ക്ലിനിക്കിൽ നേഴ്സായ സ്നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്നേഹയുടെ വീട്ടുകാർ ഉയർത്തുന്നത്. സ്നേഹയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രണ്ടുവർഷം മുമ്പാണ് ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്നേഹയും കീഴൂർ സ്വദേശിയായ സുർജിത്തും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. കോതകൂർശ്ശിയിലെ സ്വകാര്യക്ലിനിക്കിൽ നേഴ്സാണ് സ്നേഹ. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് സ്നേഹ ഡ്യൂട്ടി കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനുശേഷം രാത്രി 12: 15 വരെ ബന്ധുക്കൾ സ്നേഹയെ വാട്ട്സ്ആപ്പിൽ ഓൺലൈനിൽ കണ്ടിട്ടുണ്ട്.പിറ്റേന്ന് രാവിലെ ഏഴുമണിയോടെയാണ് സ്നേഹയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്നേഹയും ഭർത്താവ് സുർജിത്തും ഒരേ മുറിയിലാണ് കിടന്നിരുന്നത്. ഭർത്താവ് ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമിൽ കയറി ഷോൾ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയത്. അതേസമയം സ്നേഹ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും സുർജിത് ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പരാതി. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്.പൊലീസ് എത്തും മുമ്പേ ഷോൾ അറുത്തുമാറ്റി മൃതദേഹം നിലത്തിറക്കിയിരുന്നു. സ്നേഹ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഒന്നും നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.