മലപ്പുറം: രാത്രിയിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചും ഫോൺ വിളിച്ചും സ്ത്രീകളെ ശല്യം ചെയ്തിരുന്ന യുവാവ് പിടിയിൽ. അയിലക്കാട് സ്വകാര്യ സ്കൂള് ബസ് ഡ്രൈവറായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. എടപ്പാള് കോലളമ്പ് മാരാത്തുവളപ്പില് എം വി വിഷ്ണുവാണ് (30) പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. വിഷ്ണു ജോലി ചെയ്തിരുന്ന സ്കൂളിലെ കുട്ടികളുടെ അമ്മമാരുടെ ഫോണിലേക്കാണ് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നത്. ഇയാൾക്കെതിരെ സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർ പരാതി നൽകുകയായിരുന്നു.മാറഞ്ചേരി സ്വദേശിനി നല്കിയ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയില് വിഷ്ണുവിനെ അയിലക്കാട്ടെ സ്വകാര്യ സ്കൂളില് നിന്ന് ഡ്രൈവര് സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ജൂണ് മുതല് ഇയാള് മറ്റൊരു സ്കൂളില് ഡ്രൈവറായി ജോലിയില് പ്രവേശിച്ചെങ്കിലും ശല്യം തുടർന്നു. പെരുമ്പടപ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കൂടുതൽ പരാതികളുമായി സ്ത്രീകൾ എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു