മലപ്പുറം: തിരൂരിൽ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ അമ്മയെയും രണ്ടാനച്ഛനെയും ഉൾപ്പെടെ അഞ്ച് പേരെ റിമാൻഡ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീർത്തന (24), രണ്ടാം ഭർത്താവ് ശിവ (24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി (40), ഇടനിലക്കാരായി നിന്ന സെന്തിൽ കുമാർ (49), ഭാര്യ പ്രേമലത (45) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ വില്പന നടത്തിയ വിവരം പോലീസ് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ ഒമ്പതു മാസം പ്രായമുള്ള പെൺകുട്ടിയെ ഒന്നരലക്ഷം രൂപക്ക് വിൽപന നടത്തിയെന്ന് കണ്ടെത്തി. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾക്കാണ് വിൽപന നടത്തിയത്.സ്വന്തം മകളായി വളർത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയില്ല. കുഞ്ഞിൻറെ അമ്മയായ കീർത്തനയുടെ ആദ്യ ഭർത്താവിലെ കുട്ടിയാണിത്. നിലവിൽ കുഞ്ഞ് മലപ്പുറം ശിശുസംരക്ഷണ സമിതിയുടെ കീഴിലുള്ള ശിശുപരിപാലന കേന്ദ്രത്തിലാണ്. അയൽക്കാരാണ് കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം ആദ്യം ദമ്പതിമാരോട് ചോദിച്ചത് മാതാപിതാക്കൾ ഇതിനു വ്യക്തമായ ഉത്തരം നൽകിയില്ല. അതോടെ അയൽക്കാർ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.