തിരുവനന്തപുരം: കല്ല്യാണങ്ങൾക്കും സ്വകാര്യപരിപാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകൾക്ക് നിരക്ക് കുറച്ച് നൽകാനൊരുങ്ങി കെഎസ്ആർടിസി. ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ അധിക വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് കെഎസ്ആർടിസിയുടെ ഈ നടപടി.എ, ബി, സി, ഡി എന്നിങ്ങനെ 4 വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡിനറി മുതൽ വോൾവോ വരെ ഈ നിരക്ക് ബാധകമാണ്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസാണെങ്കിൽ 3500 രൂപ നൽകിയാൽ മതി.എട്ട് മണിക്കൂർ (100 കി ലോമീറ്റർ), 12 മണിക്കൂർ (150 കി ലോമീറ്റർ), 16 മണിക്കൂർ( 200 കിലോമീറ്റർ) എന്നിങ്ങനെയും ഒപ്പം കിലോമീറ്റററും ചേർത്താണ് നിരക്ക്. ജിഎസ്ടി ചേർത്തുള്ള തുകയാണിത്.നാല് മണിക്കൂറിന് ഓർഡിനറി ബസാണെങ്കിൽ 3600 രൂപയാണ്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പർ ഫാസ്റ്റ് 9500 രൂപയും സൂപ്പർ എക്സ്പ്രസിന് 10000 രൂപയും വോൾവോയ്ക്ക് 13000 രൂപയുമായിരുന്നു. ജിഎസ് ടി അതിന് പുറമേ നൽകണമായിരുന്നു.40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജിഎസ്ടിയും നൽകണം.അതെ സമയം, ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഇനി ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ യുണിറ്റ് മേധാവികൾക്കും അയച്ചുകഴിഞ്ഞു. അദർ ഡ്യൂട്ടി എന്നപേരിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പോകുകയും ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി ഡ്യൂട്ടി ചെയ്യുമ്പോൾ ഇവർക്ക് ശമ്പളത്തിന് പുറമെ അധികതുക ഓരോദിവസത്തെ വേതനം അനുസരിച്ച് കൊടുക്കേണ്ടി വരുന്നുണ്ട്.താത്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്താതെ ഇത്തരത്തിൽ സ്ഥിരം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുമ്പോൾ അത് പ്രതിദിനം ആയിരം രൂപയോളം നൽകേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്.സ്ഥിരം ജീവനക്കാർ അദർ ഡ്യൂട്ടി ചെയ്യുന്നത്തിന്റെ ഭാഗമായി 6 കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് പ്രതിമാസം നഷ്ട്ടമുണ്ടായിക്കൊണ്ടിരുന്നത്.