ന്യൂഡല്‍ഹി: പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം തങ്ങളുടെ വിജയമെന്ന് പ്രതിപക്ഷം.തങ്ങളുടെ ആവശ്യത്തിനു മുന്നിൽ കേന്ദ്രം കീഴടങ്ങിയിരിക്കുകയാണെന്നാണ് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും അവകാശപ്പെട്ടത്. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നതായിരുന്നു ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യ അജണ്ട. തിരഞ്ഞെടുപ്പിന് മുന്‍പ് തിരക്കിട്ട നീക്കത്തോടെ കേന്ദ്രസര്‍ക്കാര്‍തന്നെ അത് നടപ്പാക്കിയിരിക്കുകയാണിപ്പോള്‍. ഇത് കേന്ദ്രത്തിന്റെ കീഴടങ്ങലാണെന്നും പ്രതിപക്ഷം പറയുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാഴ്ചപ്പാട് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജാതി സെന്‍സസില്‍ തെലങ്കാന ഒരു മാതൃകയാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അത് നടത്തുന്നുണ്ടെന്ന് തങ്ങള്‍ ഉറപ്പുവരുത്തും. ജാതി സെന്‍സസ് നടപ്പാക്കുന്നതിനുമപ്പുറത്തേക്ക് കടന്ന്, സാമൂഹിക നീതിക്കായി ഇനിയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.ജാതി സര്‍വേ കോൺഗ്രസ് പാര്‍ട്ടിയുടെ ദീര്‍ഘകാലമായുള്ള പധാന ആവശ്യമായിരുന്നു. രാഹുല്‍ ഗാന്ധി ഇതിനായി ശബ്ദമുയര്‍ത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കോണ്‍ഗ്രസ് നേതാവ് വിജയ് വാഡെട്ടിവാറും പറഞ്ഞു. സാമൂഹിക നീതിക്കായുള്ള പോരാട്ടത്തില്‍ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ വിജയമാണ് ഇതെന്ന് അഖിലേഷ് യാദവും പ്രതികരിച്ചു.‘ഞങ്ങള്‍ സോഷ്യലിസ്റ്റുകള്‍ 30 വര്‍ഷംമുന്‍പ് ചിന്തിച്ച സംവരണം, ജാതി സെന്‍സസ്, സമത്വം, സാഹോദര്യം, മതേതരത്വം തുടങ്ങിയവ മറ്റുള്ളവര്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പിന്തുടരുന്നു’, ജാതി സെന്‍സസ് പ്രഖ്യാപനം വന്നതിനു പിന്നാലെ ലാലു പ്രസാദ് യാദവ് പറഞ്ഞു.‘ജാതി സെന്‍സസ് ആവശ്യപ്പെട്ട ഞങ്ങളെ ജാതിവാദികൾ എന്ന് വിളിച്ചവര്‍ക്കുള്ള ഉചിതമായ മറുപടിയാണിത്. കാര്യങ്ങള്‍ ഇനിയും ബാക്കി കിടപ്പുണ്ട്. ഈ സംഘപരിവാറിനെ ഞങ്ങളുടെ അജണ്ടയ്ക്കനുസരിച്ച് നൃത്തം ചെയ്യിപ്പിക്കു’മന്നും ലാലുപ്രസാദ് യാദവ് കൂട്ടിച്ചേര്‍ത്തു. ഇത് തങ്ങളുടെ വിജയമാണെന്നും സെന്‍സസിനെ എതിര്‍ത്ത മോദി തങ്ങളുടെ വഴിക്കുവന്നെന്നും മകനും മുൻ മുഖ്യമന്ത്രിയുമായ തേജസ്വി യാദവും വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!