എടപ്പാൾ: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ പോയ സുകാന്ത് സുരേഷിന്റെ കുടുംബാംഗങ്ങൾ വീട് പൂട്ടി മുങ്ങി. അതോടെ വീട്ടിൽ പട്ടിണിയിലായി വളർത്തുമൃഗങ്ങൾ. ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലായ വളർത്തുമൃഗങ്ങളെ പഞ്ചായത്ത് സംരക്ഷിക്കുമെന്ന് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റെ നജീബ് പറഞ്ഞു. അന്വേഷണം സുകാന്തിലേക്ക് എത്തിയതിന് പിന്നാലെ വളർത്തു മൃഗങ്ങളെ ആരെയും ഏൽപ്പിക്കാതെയാണ് പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് എതിർവശത്തുള്ള വീടു പൂട്ടി സുകാന്തിന്റെ മാതാപിതാക്കളും സ്ഥലം വിട്ടത്. 4 പശുക്കളും ഇവയുടെ നാല് പശുക്കിടാങ്ങളും വളർത്തുനായയും കോഴികളും അടങ്ങിയതാണ് സുകാന്തിന്റെ വീട്ടിലെ വളർത്തുമൃഗങ്ങൾ.അയൽവാസികളാണ് സുകാന്തിന്റെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് പഞ്ചായത്ത് മെമ്പറെ അറിയിച്ചത്. ചൂട് കാലത്ത് വെള്ളം പോലും കിട്ടാതെ പട്ടിണിയിലായതിന് പിന്നാലെ വലിയ ശബ്ദത്തിൽ പശുക്കൾ അടക്കം കരയാൻ തുടങ്ങിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വളർത്തുമൃഗങ്ങളുടെ സംരക്ഷണം പഞ്ചായത്ത് സന്നദ്ധ പ്രവർത്തകരെ ഏൽപ്പിച്ചതായും വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വിശദമാക്കി.അതേസമയം, തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ ഇന്നലെയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം ഒളിവിലായിരുന്ന ആരോപണ വിധേയനായ ഇയാളെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് യുവതിയുടെ കുടുംബത്തിന്‍റെ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മേഘയെ മരിച്ച നിലയിൽ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകളാണ് മേഘ. ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഫൊറൻസിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!