പത്തനംതിട്ട: വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ നിലവിൽ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രിയാണ് പത്തനംതിട്ട വലഞ്ചുഴിയിൽ കുടുംബത്തിനൊപ്പം ഉത്സവം കാണാൻ പോയ ഒമ്പതാം ക്ലാസുകാരി ആവണി ആറ്റിൽചാടി ജീവനൊടുക്കിയത്.ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത് ആവണിയുടെ പിതാവുമായും സഹോദരനുമായും അടിപിടി നടത്തുകയായിരുന്നു. ഇത് കണ്ട മനോവിഷമത്തിൽ ആവണി പാലത്തിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പിതാവ് ആരോപിച്ചിരുന്നത്.അതേസമയം, ശരത് മകളെ ശല്യം ചെയ്തിരുന്നുവെന്നും ഈ കാര്യം വാർഡ് മെമ്പറോട് പറഞ്ഞിരുന്നുവെന്നും ആവണിയുടെ പിതാവ് പ്രകാശ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കഴിഞ്ഞ രാത്രി തന്നെ പൊലീസ് കേസെടുത്തിരുന്നു.