കൊച്ചി: കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി പോലീസുകാർക്ക് സാക്ഷികളെയും സംശയമുള്ളവരെയുമെല്ലാം നോട്ടീസ് അയച്ച് വിളിച്ചു വരുത്താനുള്ള അധികാരമുണ്ട്. എന്നാൽ ഈ അധികാരം പോലീസ് ആയുധമാക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇത്തരം അധികാരങ്ങൾ വ്യക്തികളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള ആയുധമാക്കി മാറ്റാനുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു. തങ്ങൾക്കുള്ള അധികാരം പോലീസ് ദുരുപയോഗം ചെയ്താൽ അത് തടയാനുള്ള വകുപ്പുകളും നിലവിലുണ്ടെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകന് നോട്ടീസ് നൽകിയ ഞാറക്കൽ പോലീസ് സബ് ഇൻസ്പെക്ടർക്കെതിരായ ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. മാർച്ച് 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.ഫോറിനേഴ്സ് ആക്ടിന്‍റെ ലംഘനമാരോപിച്ച് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്ത ബംഗാൾ സ്വദേശികളായ ദമ്പതികളുടെ അഭിഭാഷകനായ ഹർജിക്കാരനിൽ നിന്ന് പ്രതികളുമായി നടത്തിയ ആശയവിനിമയത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ചറിയാനാണ് പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ, പൊലീസ് കസ്റ്റഡിയിൽ ഉപദ്രവിച്ചെന്ന് ആരോപിച്ച് പ്രതിയായ ഭർത്താവ് അഭിഭാഷകൻ മുഖേന മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയതിന്‍റെ വിരോധത്തിലാണ് നോട്ടീസ് എന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. തുടർന്ന് കഴിഞ്ഞ ദിവസം ഞാറക്കൽ എസ്.ഐ അഖിൽ വിജയകുമാറിനെ കോടതി നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. നോട്ടീസ് പിൻവലിച്ചതായി ഉദ്യോഗസ്ഥൻ അറിയിക്കുകയും പകർപ്പ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.പിസി ന്യൂസ്,അഭിഭാഷകൻ പ്രതികളുമായി നടത്തിയ ആശയവിനിമയങ്ങളുടെയോ ഇടപാടുകളുടെയോ വിശദാംശങ്ങൾ അറിയാൻ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള അധികാരം പോലീസിനില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ അഭിഭാഷകനെന്നാൽ കോടതിയിൽ പ്രതിയുടെ പ്രതിനിധിയായി ഹാജരാകുന്നയാളാണ്. അവർ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് അഭിഭാഷകന് നിയമപരമായ പരിരക്ഷയുണ്ട്. ഇക്കാര്യങ്ങൾ പൊലീസിനോടുപോലും വെളിപ്പെടുത്താൻ ബാധ്യതയില്ല എന്നാണ് കോടതി വ്യക്തമാക്കിയത്