തിരുവനന്തപുരം: അധ്യാപകർക്കെതിരായ പോക്‌സോ കേസുകളിൽ യാതൊരു സംരക്ഷണവും നൽകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിൽ 72 കേസുകൾ ഡിജിപിക്ക് മുൻപിലുണ്ട്. സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ പ്രതിയായ കേസുകളാണ് ഇതിലുൾപ്പെടുന്നത്. മുഖം നോക്കാതെ കൃത്യമായ നടപടി എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ഡിസംബറിൽ തന്നെ പാഠപുസ്തകം അച്ചടിച്ചതായി മന്ത്രി അറിയിച്ചു . 2.10 ലക്ഷം പാഠപുസ്തകം അച്ചടിച്ചു. 72 ക്യാമ്പുകളിലാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്. ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം നടക്കുന്നത് 89 ക്യാമ്പുകളിലാണ്. 25000ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സ്കൂൾ തുറക്കുന്നതിന് മുൻപ് സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കും.ചോദ്യപേപ്പറുകളിൽ അക്ഷരപിശക് വന്നത് തെറ്റായി പോയെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിദ്യാഭ്യാസ ഡയറക്ടററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ശക്തമാക്കും. ലഹരി വിതരണം തടയാൻ രക്ഷകർത്താക്കളുടെ ഗ്രൂപ്പുകൾ ചേർത്തു. പാഠഭാഗങ്ങളിലും ലഹരി ബോധവത്കരണം ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ ലഹരി ബോധവത്കരണത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അറിയിച്ചു. ബാഗുകളിൽ ഇത്തരത്തിൽ കുട്ടികൾ ലഹരി ഒളിപ്പിച്ച് കൊണ്ടുവരുന്നതിന് പരിഹാരമായി എന്ത് ചെയ്യാമെന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ ചേർക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അത് കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു. ഇതുകൂടാതെ ക്യാപ്പിറ്റേഷൻ ഫീസ് കൂടി ഈടാക്കുന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും അറിയിച്ചു. 2026- 27 അധ്യയന വർഷം മുതൽ സ്കൂൾ പ്രവേശന പ്രായം ആറ് വയസ്സാകും. നിലവിൽ 52 ശതമാനം കുഞ്ഞുങ്ങളും ആറ് വയസ്സിലാണ് സ്കൂൾ പ്രവേശനം തേടുന്നതെന്നും മന്ത്രി പറഞ്ഞു.