തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തിനെയും ചോദ്യം ചെയ്യും. പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുക. ഇയാളും ഐബിയിൽ ഉദ്യോഗസ്ഥനാണ്. ഇയാളുമായുള്ള പ്രണയബന്ധം തകർന്നതിന്റെ നിരാശയിലാണ് മേഘ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ നിഗമനം.മേഘയുടെ ഫോൺ കോളുകളിൽ അസ്വാഭാവികത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അവസാന ഫോൺ കോളുകളുടെ ദൈർഘ്യം സെക്കന്റുകൾ മാത്രമെന്നും പൊലീസ് കണ്ടെത്തി. മേഘയുടെ ആൺസുഹൃത്തായ ഐ ബി ഉദ്യോഗസ്ഥനെ നടപടിക്രമങ്ങൾ പാലിച്ചു ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയതാണ് മേഘ ആത്മഹത്യ ചെയ്യുവാൻ കാരണമായതെന്ന്വിലയിരുത്തൽ. ഇതിനു വേണ്ടി ഉടൻ നോട്ടീസ് നൽകും.എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഞയറാഴ്ച്ച രാവിലെയാണ് തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കുമിടയിലെ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയ നൈരാശ്യമെന്ന നിഗമനത്തിലായിരുന്നു ആദ്യം മുതൽതന്നെ പൊലീസ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പിന്നീട് പൊലീസ് പുറത്തുവിട്ടിരുന്നു. ഐബിയിലെ തന്നെ ഒരു ഉദ്യോഗസ്ഥനുമായി മേഘ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ വിവാഹം കഴിക്കാൻ തയ്യാറാകാതെ വന്നതാണ് യുവതി ട്രെയിന് മുന്നിൽചാടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.പഞ്ചാബിൽ പരിശീലനത്തിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. ഇക്കാര്യം മേഘ വീട്ടുകാരോട് പറഞ്ഞിരുന്നു.ആദ്യം വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നുവെങ്കിലും പിന്നീട് അവർ സമ്മതിച്ചു. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങളിലേയ്ക്കെത്തിയപ്പോൾ ഇയാൾ ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ നിന്നാണ് വീട്ടുകാർ ദുരൂഹതകൾ മനസിലാക്കിയത്. അടുത്തകാലത്ത് അധികം ആരോടും സംസാരിക്കാതെ കൂടുതൽ സമയം മേഘ ഫോണിൽ ചെലവഴിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വീട്ടുകാരുടെയും കൂടുതൽ സഹപ്രവർത്തകരുടെയും മൊഴിയെടുത്ത ശേഷം പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. മേഘയുടെ ഫോൺ പൂർണമായും തകർന്നതിനാൽ അതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. മേഘയുടെ ഫോൺ നമ്പരിലേക്ക് സംഭവത്തിന് തൊട്ടുമുമ്പുള്ള കാൾ ലിസ്റ്റുകൾ പൊലീസ് ശേഖരിച്ചു.മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് മധുസൂദനൻ ആരോപിക്കുന്നു. ഒരു വർഷം മുമ്പാണ് മേഘ എമിഗ്രേഷൻ ഐ.ബിയിൽ ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെയും ഫോണിൽ സംസാരിച്ചിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കാണ് മകൾ പോകുന്നത്. ആ വഴിയിൽ റെയിൽവേ ട്രാക്കില്ല. റെയിൽവേ ട്രാക്കുള്ളിടത്തേക്ക് പോയതിന് പിന്നിൽ ദുരൂഹതയുണ്ട്. ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അന്വേഷിച്ചാൽ വിളിച്ചത് ആരെയാണെന്ന് കണ്ടെത്താം. മരണത്തിൽ വിശദ അന്വേഷണം നടത്തണമെന്നും മധുസൂദനൻ ആവശ്യപ്പെട്ടു.