കൽപ്പറ്റ: ഒന്നേകാൽ കിലോ എംഡിഎംഎ കടത്തി പിടിയിലായ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. കോഴിക്കോട് സ്വദേശികളായ പ്രതികളെ കഴിഞ്ഞ വർഷമാണ് എംഡിഎംഎയുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി പുതുപ്പാടി സ്വദേശി ഷംനാദിന്റെ (44) കാർ കണ്ടുകെട്ടി. രണ്ടാം പ്രതി ഈങ്ങാപ്പുഴ സ്വദേശി അഷ്‌കറിന്റെ കാറും ബൈക്കും കണ്ടുകെട്ടാനുള്ള റിപ്പോർട്ട് സ്മഗ്‌ളേഴ്സ് ആൻഡ് ഫോറിൻ എക്സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയ്‌ക്ക് അയച്ചിട്ടുണ്ട്.ബംഗളൂരുവിൽ നിന്നാണ് ഇവർ ലഹരി വാങ്ങിയത്. ലോറി ഡ്രൈവറുടെ കാബിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ലഹരി വിതരണക്കാരുടെയും വില്പനക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ എസ് പിമാരോട് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ലഹരിപ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാം. ഇവ ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ചതല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വർഷത്തേക്കാൾ ലഹരി പിടികൂടുന്നത് വർദ്ധിച്ചിട്ടുണ്ടെന്നും എഡിജിപി വിലയിരുത്തിയിരുന്നു. ലഹരിക്കേസുകളിൽ പഴുതടച്ച അന്വേഷണം ഉണ്ടാവണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിമാഫിയ പിടിമുറുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.നേരത്തെ ആലപ്പുഴ നൂറനാട് പുതുപ്പളളിക്കുന്നം ഖാൻമൻസിൽ വീട്ടിൽ പി.കെ.ഖാന്റെ (ഷൈജുഖാൻ,41) സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഇയാളുടെ പേരിലുളള 17.5 സെന്റ് വസ്തുവും വീടുമാണ് കണ്ടു കെട്ടി ഉത്തരവായത്. 2020 മുതൽ നൂറനാട് പൊലീസ്, നൂറനാട് എക്‌സൈസ്, ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 7 കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷൈജു ഖാൻ.അതെസമയം ഗൾഫിൽ നിന്ന് എയർ കാർഗോ വഴി പാഴ്‌സലായി കോഴിക്കോട്ടേയ്ക്ക് 1.5 കിലോ എംഡിഎംഎ എത്തിച്ച മലപ്പുറം സ്വദേശി ആഷിഖിനെതിരെ (27) എൻഡിപിഎസ് നിയമപ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ച് വർഷമായി ഒമാനിൽ പാട്ടത്തിന് ഒരു സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന ആഷിഖ് എംഡിഎംഎയുടെ മൊത്തവ്യാപാര വിതരണക്കാരനാണെന്ന് പോലീസ് പറഞ്ഞു. ജനുവരിയിൽ തെക്കൻ കൊച്ചിയിൽ 500 ഗ്രാം എംഡിഎംഎയും മറ്റ് മയക്കുമരുന്നുകളും പിടിച്ചെടുത്ത കേസിൽ പോലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആ കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്.