തൊടുപുഴ: ബിജു ജോസഫ് കൊലക്കേസ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ നാലു പ്രതികളാണുള്ളത്. മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ, മുഹമ്മദ് അസ്ലം, വിപിൻ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ആഷിക് കാപ്പ കേസിൽ എറണാകുളത്ത് റിമാൻഡിലാണ്.ക്വട്ടേഷൻ സംഘം ബിജുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും ഇന്നു രാവിലെ ആരംഭിക്കും. ബിജു പ്രതികളുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമാകുന്നത്. ഷൂ ലേസുകൊണ്ട് കൈകൾ ബന്ധിച്ചിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ പാടുകളുണ്ട്. മർദ്ദനത്തെ തുടർന്ന് ബിജു രക്തം ഛർദ്ദിച്ചുവെന്നാണ് വിവരം. ബിജുവിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഒംനി വാൻ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികൾ കടത്തികൊണ്ടു പോയിട്ടുണ്ട്. ഈ തെളിവുകൾക്കായി പൊലീസ് പരിശോധന ആരംഭിച്ചു.വ്യാഴാഴ്ച രാവിലെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബിസിനസ് പങ്കാളിയായ ജോമോനും ബിജു ജോസഫും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും ജോമോൻ ക്വട്ടേഷൻ സഹായം തേടിയെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് ജോമോനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.ബിജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നും മരിച്ചതോടെ മൃതദേഹം കലയന്താനിയിലെ ക്യാറ്ററിംഗ് ഗോഡൗണിൽ മറവ് ചെയ്തെന്നുമായിരുന്നു മൊഴി. പൊലീസിൻ്റെ തുടരന്വേഷണത്തിൽ മൃതദേഹം ഗോഡൗണിലെ മാലിന്യടാങ്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഗോഡൗണിലെ വേസ്റ്റ് കുഴി പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!