തിരുവനന്തപുരം: ഇനി കാലാവധി കഴിയുന്നത് വരെ സർക്കാർ വാഹനങ്ങൾ കാത്തിരിക്കില്ല. രജിസ്‌ട്രേഷൻ റദ്ദാകുന്നതിനു മുൻപേ തന്നെ വിൽപ്പന നടത്തി പരമാവധി തുക മുതലാക്കുകയാണ് ലക്ഷ്യമിടുന്നത്. സാധാരണ പൊളിക്കാൻ വേണ്ടി നൽകുകയാണ് ചെയ്യുന്നത്. 15 വർഷക്കാലാവധി കഴിയുന്നതു വരെ കാത്തിരിക്കാതെ ഈ വാഹനങ്ങൾ ഇനി നേരത്തേ വിൽക്കും. രജിസ്‌ട്രേഷൻ റദ്ദായ വാഹനങ്ങൾ പൊളിക്കാൻ മാത്രമേ കഴിയൂ. അതിനു മുമ്പ് ലേലം ചെയ്ത് വിറ്റാൽ വ്യക്തികൾക്ക് വാങ്ങി ഉപയോഗിക്കാനാകും. പൊളിക്കൽ നയപ്രകാരം രജിസ്‌ട്രേഷൻ റദ്ദായ 3591 സർക്കാർ വാഹനങ്ങൾ ലേലം ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് പഴയ വാഹനങ്ങളുടെ വിൽപ്പനയും നേരത്തേയാക്കി ഉത്തരവിറക്കിയത്.സർക്കാർ വാഹനങ്ങൾക്കു മാത്രമാണ് 15 വർഷക്കാലാവധി നിയമം ബാധകം. സ്വകാര്യ വാഹനങ്ങൾക്ക് അടുത്ത അഞ്ചുവർഷത്തേക്കും ഉപയോഗക്ഷമത അനുസരിച്ച് പിന്നീടും രജിസ്‌ട്രേഷൻ പുതുക്കാനാകും. കൈവശമുള്ള വാഹനങ്ങൾ 14 വർഷം പിന്നിടുമ്പോൾ ഓഫീസ് മേധാവികൾ ലേല നടപടികൾ ആരംഭിക്കണം. സർക്കാർ വാഹനങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കാനും നീക്കമുണ്ട്. മൂന്നു വാഹനങ്ങൾ പൊളിക്കുമ്പോൾ ഒരെണ്ണം വാങ്ങാനാണ് അനുമതി. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ 10 ലക്ഷം രൂപയിൽ കൂടരുതെന്നും നിർദേശമുണ്ട്.