കണ്ണൂർ: കൈതപ്രത്ത് ബിജെപി പ്രവർത്തകനായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിലുള്ള സൗഹൃത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ. ഇവരും സന്തോഷും ചെറുപ്പം മുതലേ സൗഹൃദത്തിലായിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ രാധാകൃഷ്ണനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം യുവതിയുമായുള്ള സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇന്നലെ മദ്യലഹരിയിലായിരുന്ന പ്രതിയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്നതിനാൽ ഇയാളെ ഇന്നലെ വിശദമായി ചോദ്യം ചെയ്യാനായിരുന്നില്ല. തുടർന്ന് സ്വബോധത്തിൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൻ്റെ കാരണം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. പടക്കംപൊട്ടിയ ശബ്ദമാണെന്ന് ആദ്യംപരിസരവാസികൾ കരുതി. എന്നാൽ, വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ മകനാണു കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്.നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രാധാകൃഷ്ണൻ. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞു പരിയാരം പൊലീസ് എത്തി വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് വീടിനുള്ളിൽ ഒളിച്ചുനിന്ന സന്തോഷിനെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന സന്തോഷ്, പിടിയിലാകുമ്പോൾ ‘ഞാനെല്ലാം പറയാം’ എന്നു പൊലീസിനോടു പറയുന്നുണ്ടായിരുന്നു.സംഭവത്തിന് മുൻപ് പ്രതി ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്. തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിൽ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്, കൊള്ളും എന്നത് ഉറപ്പ്’ എന്നാണ് പ്രതി സന്തോഷ് മുൻപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. വേറെയും നിരവധി പോസ്റ്റുകൾ santhosh nk santhosh nk എന്ന പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്നലെ വൈകിട്ട് 4.23നാണ് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്റ്റ് ചെയ്തത്. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു ഇതിന്റെ അടിക്കുറിപ്പ്. വൈകിട്ട് 7.27ന് മറ്റൊരു പോസ്റ്റിട്ടു. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ ഇന്ന് തിരച്ചിൽ നടത്തും. രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.