കോഴിക്കോട്: കൊടും കുറ്റവാളിയെ അതി സാഹസികമായി പിടികൂടി പോലീസ്. യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ അതി സാഹസികമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൊടുവള്ളിക്കടുത്തുള്ള വാവാട് സ്വദേശിയായ സിറാജുദ്ദീന്‍ (32) ആണ്പി ടിയിലായത്. തമിഴ്‌നാട്ടിലെ ഒളി സങ്കേതത്തിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഡിസിപി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ അസി. കമ്മീഷണര്‍ ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കസബ എസ്‌ഐ ജഗ്മോഹന്‍ ദത്തും ഉള്‍പ്പെട്ട സംഘമാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.കേസിനാസ്പദമായ സംഭവം നടന്നത് ജനുവരി 13നായിരുന്നു. ഭാര്യയോടൊപ്പം കോഴിക്കോട് ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന മലപ്പുറം സ്വദേശി റഫീഖിനെയാണ് ഇയാള്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അടിപിടി, മോഷണം, പിടിച്ചുപറി, സ്ത്രീകളെ ആക്രമിക്കല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, പോക്‌സോ, ലൈംഗികാതിക്രമം തുടങ്ങിയ മുപ്പതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. മുൻപ് കാപ്പ ചുമത്തി ഇയാളെ ജയിലിലാക്കിയിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷമാണ് വീണ്ടും കൊലപാതക ശ്രമം നടത്തിയത്.ആക്രമണം നടത്തിയ ശേഷം പ്രതി കേരളത്തിൽ നിന്നും രക്ഷപെട്ട് ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. എന്നാൽ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ രഹസ്യമായി ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോലീസ് പിടികൂടാനായി എത്തിയാൽ ബ്ലേഡുകള്‍ വായിലിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ ഭീകരാന്തരീക്ഷമുണ്ടാക്കാനായി അര ഡസനോളം ബ്ലേഡ് കഷ്ണങ്ങള്‍ ഇയാള്‍ കയ്യില്‍ കരുതിയിരുന്നു. പോലീസ് പിടികൂടാൻ ശ്രമിക്കുന്ന സമയത്ത് ഇയാൾ ബ്ലേഡ് കഷ്ണങ്ങള്‍ വായിലിടാനായി ശ്രമിച്ചെങ്കിലും പോലീസ് തട്ടിമാറ്റി. പ്രതി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.