കോഴിക്കോട്: കനത്ത മഴയിൽ ഓടയിൽ വീണ് ഒരാളെ കാണാതായി. കോഴിക്കോട് കോവൂരാണ് സംഭവം. കോവൂർ സ്വദേശി കളത്തിൻപൊയിൽശശി(58)യാണ് അപകടത്തിൽപെട്ടത്. ഇയാൾക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായി തെരച്ചിൽ തുടരുകയാണ്. ഞയറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.കോവൂർ എം.എൽ.എ. റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശിയും സുഹൃത്തും. കനത്ത മഴയെത്തുടർന്നാണ് ഇരുവരും ബസ് സ്റ്റോപ്പിൽ കയറി നിന്നത്. ഇതിനിടെ ശശി അബദ്ധത്തിൽ കാൽവഴുതി ഓവുചാലിൽ വീഴുകയായിരുന്നു. രണ്ടു കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകുകയായിരുന്നു. കോവൂർ ഭാഗത്ത് ഒരു മണിക്കൂർ നേരം അതിശക്തമായി മഴ പെയ്തിരുന്നു. ഓടയിൽ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാർ പറയുന്നു.