തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിൽ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴയെത്തുക. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയെന്നാണ് പ്രവചനം. അതേസമയം, അടുത്ത മൂന്ന് ദിവസം കേരളത്തിലെ 12 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.കണ്ണൂരും കാസർകോടുമൊഴികെയുള്ള ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. എന്നാൽ, ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശമില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിലെ ചൂടിന് ഒട്ടും ശമനമില്ല.സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡ്രിഗ്രി സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. സംസ്ഥാനത്ത് അൾട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡകസ്. പകൽസമയം സൂര്യപ്രകാശം ശരീരത്തിൽ ഏറെ നേരും നേരിട്ട് ഏൽക്കാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണം. സൂര്യഘാത, സൂര്യതാപ സാധ്യത സാധ്യത കണക്കിലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്.