മലപ്പുറം: പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത രണ്ട് കെഎസ്ആർടിസി കണ്ടക്ടർമാരെ പിടികൂടി വിജിലൻസ്. ഇന്നലെ പുലർച്ചെ 5.15ന് മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിലെ താൽക്കാലിക കണ്ടക്ടറെയാണ് പിടികൂടിയത്. പണം വാങ്ങി യാത്രക്കാരെ പറ്റിച്ചത്തിലാണ് നടപടി. രാവിലെ 6 മണിയോടെ വളാഞ്ചേരിയിൽ വച്ചുള്ള വിജിലൻസ് പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട്–കുറ്റിപ്പുറം ഓർഡിനറി സർവീസിലെ കണ്ടക്ടറെ പാലക്കാട് കുമ്പിടിയിൽ നിന്നും പിടികൂടി. ഇരുവരെയും സർവീസിൽ നിന്ന് മാറ്റി നിർത്താനാണ് നിലവിലെ തീരുമാനം. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കും. ടിക്കറ്റ് നൽകാഞ്ഞതിൽ വിജിലൻസിന് നേരത്തെ യാത്രക്കാരുടെ പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് ഓഫീസർ ഷാജു ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സൂപ്പർഫാസ്റ്റിൽ ഒരു യാത്രക്കാരന്റെയും ഓർഡിനറിയിൽ നാല് യാത്രക്കാരുടെയും പണം വാങ്ങിയ ശേഷമാണ് ടിക്കറ്റ് നൽകാതിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വിഫ്റ്റ് ജീവനക്കാരൻ മലപ്പുറം ഡിപ്പോയിൽ നിന്നും ഓർഡിനറിയിൽ സ്ഥിരം ജീവനക്കാരൻ പാലക്കാട് ഡിപ്പോയിൽ നിന്നുമുള്ളവരാണ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സംസ്ഥാന വിജിലൻസ് ഓഫീസർ അറിയിച്ചു. പണം വാങ്ങിയാൽ ടിക്കറ്റ് നൽകണമെന്നും ഉദ്യോഗസ്ഥർ കർശനമായി പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!