കോഴിക്കോട് :വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മുസ്ലിംലീഗ് പ്രഖ്യാപിച്ച 100 വീടുകൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി. സ്വന്തം നിലക്ക് ഈ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. സർക്കാറിന്റെ തീരുമാനത്തിന് ഇനി കാത്തുനിൽക്കാനാവില്ലെന്നും റമദാന് ശേഷം വീടുകളുടെ നിർമ്മാണം തുടങ്ങുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പുനരധിവാസം വൈകാൻ പാടില്ല. അതിനുവേണ്ടിയാണ് മുസ്ലിംലീഗ് തന്നെ സ്ഥലം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. മേപ്പാടി പഞ്ചായത്തിൽ ടൗണിനോട് ചേർന്നാണ് സ്ഥലം കണ്ടെത്തിയത്. 1000 സ്‌ക്വയർ ഫീറ്റിൽ ഭാവിയിൽ വിപുലീകരിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകൾ നിർമ്മിക്കുക.*മുസ്‌ലിംലീഗ് റമദാൻ റിലീഫ് വിതരണം ചെയ്തു*മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ ചേർത്തുപിടിച്ച് മുസ്‌ലിംലീഗ്. ജാതി മത ഭേദമില്ലാതെ മുഴുവൻ ദുരിതബാധിതർക്കും മുസ്‌ലിംലീഗ് റമദാൻ റിലീഫ് വിതരണം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പുനരധിവാസ പ്രക്രിയകൾ എത്രയും പെട്ടെന്ന് സാധ്യമാക്കുന്നതിന് മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാറിൽനിന്ന് ലഭ്യമാകേണ്ട സഹായങ്ങൾ എത്രയും വേഗം ലഭ്യമാക്കുന്നതിന് മുസ്ലിംലീഗ് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അബ്ദുറഹ്മാൻ കല്ലായി, പി.കെ ബഷീർ എം.എൽ.എ, സി. മമ്മൂട്ടി, പി. ഇസ്മയിൽ, ടി.പി.എം ജിഷാൻ, പി.എം.എ സമീർ, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!