കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് ലഹരുമരുന്ന് എത്തിച്ചിരുന്ന രണ്ട് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരായ കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി. സനൽകുമാർ(45) എന്നിവരാണ് പിടിയിലായത്. 31.70 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലുൾപ്പെട്ടവരാണ് ഇരുവരും.കോഴിക്കോട്-ബെംഗളൂരു ടൂറിസ്റ്റ് ബസിൽ രാത്രി സർവീസ് നടത്തുന്ന ഡ്രൈവർമാരാണ് അനീഷും സനൽകുമാറും. ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് വാങ്ങി ബസിൽ ഒളിപ്പിച്ചശേഷം കൊടുക്കേണ്ട ആളുകളുമായി വാട്സാപ്പിലൂടെ സംസാരിച്ച് കൈമാറുന്ന സ്ഥലം ഉറപ്പിക്കും. ബസ് സ്ഥലത്ത് എത്താറാകുമ്പോൾ വീണ്ടും വിളിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരുന്നു ലഹരി കൈമാറ്റം.ലഹരി മരുന്നിനായി കാത്തുനിൽക്കുന്ന ആളുകൾക്ക് ഓടുന്ന ബസിൽനിന്നുതന്നെ ലഹരിമരുന്നുപൊതി പുറത്തേക്ക് എറിഞ്ഞുകൊടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. അതിനുശേഷം ബസ് കോഴിക്കോട് സിറ്റിയിൽ എത്തുമ്പോഴേക്കും വാട്സാപ്പ് ചാറ്റും കോളും മൊബൈലിൽനിന്ന് ഡിലീറ്റ് ചെയ്യുകയുമായിരുന്നു ഇവരുടെ രീതി.കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ എസ്.ഐ. നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപേരും രണ്ടുമാസത്തോളമായി നിരീക്ഷണത്തിലായിരുന്നു. ഒട്ടേറെത്തവണ ഇവർ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!