കണ്ണൂർ: മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തി ജയിൽ ഉപദേശക സമിതി മോചിപ്പിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയെ മർദിച്ചതിനാണു കേസെടുത്തിരിക്കുന്നത്.കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് മർദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്.സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശ സമിതികളുടെ ശുപാര്‍ശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കണ്ണൂര്‍ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.പുറത്ത് വിവാദം ശക്തിപ്പെടുമ്പോഴും ഷെറിനെ ജയിൽ മോചിതയാക്കാനുള്ള ശുപാര്‍ശ രാജ് ഭവനിലെത്തിയിട്ടില്ല. മുഖ്യമന്ത്രി കണ്ട ശേഷമാകും ഫയൽ ഗവര്‍ണര്‍ക്ക് അയക്കുക. ഫയൽ വരട്ടെയെന്നാണ് രാജ് ഭവൻ്റെ പ്രതികരണം. തീരുമാനം നിയമപരമാണോയെന്ന് പരിശോധിക്കും. പരാതികളെത്തിയാൽ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. വിഷയത്തിൽ ഭാസ്കര കാരണവരുടെ ബന്ധുക്കൾ നിയമോപദേശം തേടിയിട്ടുണ്ട്.