കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗിങ് ചെയ്തെന്ന് പരാതി. ഫെബ്രുവരി 14ന് വൈകിട്ട് ആറുമണിയോടെ ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.വോളിബോൾ കോർട്ടിൽ വച്ച് മൂന്നാം വർഷ വിദ്യാർത്ഥികളായ ആറു പേർ മർദ്ദിച്ചു എന്നാണ് വിഷ്ണു നൽകിയ പരാതിയിൽ പറയുന്നത്. തലയ്ക്ക് പിന്നിലും വലത് കാലിൻ്റെ തുടയിലും പരുക്കേറ്റു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടി സ്വീകരിച്ചതായും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെന്നും കോളജ് അധികൃതർ അറിയിച്ചു. 2 വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന 6 പേർക്കെതിരെ പൊലീസ് കേസെടുത്തു.