തിരുവമ്പാടി: ജനവാസ മേഖലയായ പുല്ലൂരാം പാറയിലെ പൊന്നാങ്കയം ഭാഗം പുലി ഭീതിയിലാണ്. ഞായറാഴ്ച രാത്രി പ്രദേശത്ത് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണത്തിന് ക്യാമറ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തേ പ്രദേശവാസികളായ നെല്ലിമൂട്ടിൽ സന്തോഷ്, എളയിച്ചിക്കാട്ട് പുരുഷൻ എന്നിവർ ടാപ്പിങ് നടത്തുമ്പോൾ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു. പുലിയെ തന്നെയാണ് കണ്ടതെന്ന് ഒരുകൂട്ടം പ്രദേശവാസികൾ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ചു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. തങ്ങൾക്ക് സംരക്ഷണം വേണമെന്നും മറ്റൊരു ദുരന്തം സാഹചര്യം ഒരുക്കരുതെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുറഹ്മാൻ, അംഗങ്ങളായ റോബർട്ട് നെല്ലിക്ക തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, മില്ലി മോഹൻ, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.