പൂഞ്ഞാർ: പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കലും പി.സി. ജോർജും തമ്മിൽ പൊതുവേദിയിൽ വാക്കേറ്റം. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് പൂഞ്ഞാർ മുൻ എംഎൽഎയും ഇപ്പോഴത്തെ എംഎൽഎയും തമ്മിൽ വാക്കുതർക്കമുണ്ടായത്. മുണ്ടക്കയത്ത് ആശുപത്രിയിൽ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ മന്ത്രിയെ കണ്ട സംഭവം പ്രസംഗത്തിനിടെ പി സി ജോർജ്ജ് പരാമർശിച്ചതാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ചൊടിപ്പിച്ചത്.കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ സാന്നിധ്യത്തിലായിരുന്നു പൂഞ്ഞാർ എംഎൽഎയും മുൻ എംഎൽഎയും തമ്മിൽ വാക്കുതർക്കമുണ്ടായത്. മുണ്ടക്കയത്ത് ആശുപത്രിയിൽ ഡോക്ടറെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൊടുത്ത വാർത്ത പത്രങ്ങളിൽ കണ്ടപ്പോൾ വിഷമംതോന്നി എന്നായിരുന്നു പ്രസംഗത്തിനിടെ പി.സി.ജോർജ്ജിന്റെ പരാമർശം. ഉടൻ തന്നെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെടുകയായിരുന്നു.ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാൽ മതിയെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നിലപാട്. എന്നാൽ, എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോർജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കൽ ചൂണ്ടിക്കാട്ടിയതോടെ തർക്കം മുറുകി. പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒ.പി.യില്ലെന്നും അതിന് നടപടി വേണമെന്നും തന്നെ കണ്ടുകിട്ടിയിട്ടുവേണ്ടെ ഇത് പറയാനെന്നും ജോർജ് പറഞ്ഞു. സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.