കണ്ണൂർ: കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.തൂവക്കുന്ന് ഗവ.എല്‍.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഫസൽ വീണത്.കുട്ടികള്‍ പല വഴിക്ക് ഓടിയതിനാൽ അവര്‍ മുഹമ്മദ് ഫസലിനെ കുറിച്ച് ആദ്യം അന്വേഷിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്ന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.കെ മുഹമ്മദാലി പറഞ്ഞു.മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റിൽ വീഴുകയായിരുന്നെന്നാണ് കരുതുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!