കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്‍റെ വിമര്‍ശനം. എംഎൽഎയ്ക്ക് പരിക്കേറ്റ ശേഷവും പരിപാടി തുടർന്നത് എന്തിനാണെന്നും അൽപ സമയത്തേക്ക് നിർത്തിവെക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം ഇല്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. സംഘാടകര്‍ കാണിച്ചത് ക്രൂരതയാണ്. എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം സംഘാടകര്‍ക്കുണ്ടായിരുന്നില്ലേയെന്നും അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നുവെന്നും കോടതി വിമർശിച്ചു. ഉമ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി ചോദിച്ചു. ഒരു ജനപ്രതിനിധിക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു.