തിരുവനന്തപുരത്ത് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല പാറയിൽക്കാവ് സ്വദേശിയായ അനിൽകുമാറിനെയാണ് സഹോദരൻ ശ്രീജിത് തലയ്ക്കും കാലിനും വെട്ടിപ്പരിക്കേൽപിച്ചത്. കുടുംബവഴക്കിനെ തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെവീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിന്റെ മുറിക്കുള്ളിലേക്ക് അനിൽകുമാർ മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച് തീകൊളുത്തി. തീ പടർന്നു പിടിക്കുന്നത് കണ്ട അമ്മ വേഗത്തിൽ അത് വെള്ളമൊഴിച്ച് കെടുത്തി. തുടർന്ന് ശ്രീജിത്തിനെ വിളിച്ചെഴുന്നേൽപിച്ചു.ഉറക്കമെഴുന്നേറ്റ ശ്രീജിത് സഹോദരനുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിലും അതിക്രമത്തിലുമെത്തി. ശ്രീജിത് അനിൽകുമാറിനെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ അനിൽകുമാറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.