കോഴിക്കോട് കൂടരഞ്ഞിയിൽ കടുവയെ പോലെയുള്ള അജ്ഞാത ജീവിയെ കണ്ട് പേടിച്ചോടിയ വീട്ടമ്മയ്ക്ക് പരിക്ക്. ആടുമായി വീടിന് അടുത്തുള്ള പറമ്പിലേക്ക് പോയ വീട്ടമ്മ ​ഗ്രേസിയാണ് അജ്ഞാത ജീവിയെ കണ്ടത്. ത​ന്റെ നേരെ വന്ന കടുവയെ പോലെയുള്ള ജീവിയിൽ നിന്ന് രക്ഷപെടാൻ അവിടെ നിന്ന് ഓടുന്നതിനിടെയാണ് കൈക്ക് പരിക്കേറ്റത്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാടാണ് സംഭവം നടന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം ഉണ്ടായത്.പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട കൂരിയോട് ഭാഗത്ത് വെച്ചാണ് താൻ കടുവയെ കണ്ടതെന്ന് ഗ്രേസി പറഞ്ഞു. വീടിന് അടുത്തുള്ള പറമ്പിലേക്ക് ആടുകളുമായി പോയപ്പോഴാണ് കടുവ എത്തിയത്. ആടുകൾ പേടിച്ച് ചിതറി ഓടിയപ്പോൾ കടുവ തന്നെ ആക്രമിക്കാൻ വരികയായിരുന്നു. ഭയന്ന് ഓടുന്നതിനിടയിലാണ് കൈയ്ക്ക് പരിക്കേറ്റതെന്നും ഇവർ കൂട്ടിച്ചേർത്തു.രണ്ടാഴ്ച മുമ്പും പ്രദേശത്ത് അജ്ഞാത ജീവി ആടിനെയും പട്ടിയെയും കടിച്ചു കൊന്നിരുന്നു. കാൽപ്പാടുകൾ പരിശോധിച്ച അധികൃതർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഫോറസ്റ്റ് അധികൃതർ വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. എന്നാൽ ക്യാമറയിൽ ഇതുവരെ ഒന്നും പതിഞ്ഞിട്ടില്ല. കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഗ്രേസിയെ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സന്ദർശിച്ചു. സംഭവം നടന്ന സ്ഥലത്ത് പീടികപ്പാറ ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!