ന്യൂഡൽഹി: 2025 മുതൽ നമ്മുടെ രാജ്യത്തെ എല്ലാ വാട്സാപ്പ് ഉപയോക്താക്കൾക്കും യുപിഐ സേവനം ലഭിക്കും. നിലവിലുണ്ടായിരുന്ന തടസം നീക്കികൊണ്ട് വാട്സാപ്പ് പേ സംവിധാനം രാജ്യത്തുടനീളം നടപ്പാക്കാൻ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുടെ അനുമതി ലഭിച്ചു. നിലവിൽ രാജ്യത്ത് 50 കോടിയിലേറെ ഉപയോക്താക്കൾക്ക് വാട്‌സാപ്പ് ഉണ്ട്. ഇതിൽ 10 കോടി ഉപയോക്താക്കൾക്ക് മാത്രമേ യുപിഐ സേവനത്തിന് അനുമതിയുണ്ടായിരുന്നുള്ളൂ. ഈ നിയന്ത്രണമാണ് എൻപിസിഐ ഇപ്പോൾ എടുത്തുകളഞ്ഞത്.50 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സാപ്പിന് യുപിഐ സേവനം നൽകിയാൽ പണിയിലെ മത്സരത്തെ ബാധിക്കുമെന്ന ആശങ്കയാണ് മുൻപുള്ള നിയന്ത്രണത്തിന് കാരണമെന്ന് എൻപിസിഐ അറിയിച്ചു. പുതിയ അനുമതി ലഭ്യമാകുന്നതോടെ വിപണിയിൽ ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവയുടെ ആധിപത്യം ഇല്ലാതാകുമോ എന്ന ചോദ്യം പ്രസക്തമാണ്. നിലവിൽ യുപിഐ സേവനം നടത്തുന്ന ആപ്പുകളിൽ വാട്സാപ്പ് പേ 11–ാം സ്ഥാനത്താണ്. വാട്സാപ്പ് പേ വഴി നവംബർ മാസത്തിൽ മാത്രം 3,890 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. യുപിഐ സേവനം നൽകുന്ന അപ്പുകളിൽ ഒന്നാം സ്ഥാനത്തുള്ളത് ഫോൺപേയാണ്. 10.88 ലക്ഷം കോടി രൂപയാണ് നവംബറിൽ മാത്രം ഫോൺപേ വഴി കൈമാറ്റം ചെയ്തിട്ടുള്ളതെന്നാണ് കണക്കുകൾ.