ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തെ വീഴ്ത്തി ബംഗാളിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്‍റെ കിരീടനേട്ടം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്‍റെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജു എടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ കേരളം തലകുനിച്ചു.ആദ്യപകുതിയിലും രണ്ടാം പകുതിയില്‍ ആക്രമണത്തില്‍ മുന്നിട്ടു നിന്ന കേരളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. കേരളം ആക്രമിച്ചു കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനായിരുന്നു ബംഗാളിന്‍റെ ശ്രമം. ഒടുവില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കേരള ബോക്സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്‍കിയ പന്ത് കാലിലൊതുക്കി ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ പോയന്‍റ് ബ്ലാങ്കില്‍ നിന്ന് റോബി ഹാന്‍സ്‍ഡ ബംഗാളിന്‍റെ വിജയഗോള്‍ നേടി. സന്തോഷ് ട്രോഫിയില്‍ 47-ാം ഫൈനല്‍ കളിച്ച ബംഗാളിന്‍റെ 33-ാം കിരീട നേട്ടം കൂടിയാണിത്. പതിനാറാം ഫൈനൽ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ കാലിടറി വീഴുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!