പെരുമ്പാവൂർ: ഛായാഗ്രാഹകയും വിമെൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു. 30 വയസ്സായിരുന്നു. ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനിടെ ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് മരണം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ രോഗം മൂർഛിക്കുകയായിരുന്നു. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷ്ണ.തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിം​ഗുമായി ബന്ധപ്പെട്ടാണ് കൃഷ്ണ കശ്മീരിലേക്ക് പോയത്. ശ്രീനഗറിലും അരുണാചൽപ്രദേശിലുമായിരുന്നു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്. 20-ാം വയസ്സിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു. ആദ്യം പരസ്യചിത്രരംഗത്തായിരുന്നു. മുൻപ് പെരുമ്പാവൂരും കുറുപ്പംപടിയിലും ഇപ്പോൾ കോതമംഗലത്തും ഗിന്നസ് എന്ന പേരിൽ കൃഷ്ണയുടെ കുടുംബം സ്റ്റുഡിയോ നടത്തുന്നുണ്ട്. ഒരുമാസം മുമ്പാണ് കൃഷ്ണ അവസാനമായി നാട്ടിൽ വന്നത്.മരണവിവരം അറിഞ്ഞ് സഹോദരൻ ഉണ്ണി കശ്മീരിൽ എത്തിയിട്ടുണ്ട്. കണ്ണൻ എന്ന ഒരു സഹോദരൻ കൂടിയുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കും. ബുധനാഴ്ച സംസ്കാര ചടങ്ങുകൾ നടത്തും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!