സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കിരണിന് പരോൾ നൽകിയിരിക്കുന്നത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. അപേക്ഷ പരിഗണിച്ച ജയിൽ മേധാവി 30 ദിവസത്തെ പരോളിനാണ് അനുമതി നൽകിയിരിക്കുന്നത്.കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, വിസ്മയയുടെ വീടിന് സമീപം പോകാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പരോൾ. 2021 ജൂൺ 21നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെ മകൾ വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ദുരൂഹത ഉയർന്ന കേസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.