മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് മലപ്പുറം കുഴുപറമ്പിൽ പെൺകുട്ടി മരിച്ചതിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് കുടുംബം. കടുത്ത പനിയും തളർച്ചയുമായി ആശുപത്രിയിലെത്തിച്ച കുട്ടിക്ക് വേണ്ട രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കുട്ടിയിൽ കണ്ടെങ്കിലും ചികിത്സ നൽകിയവർ അത് വകവെച്ചില്ലെന്നും ദിയ ഫാത്തിമയുടെ കുടുംബം ആരോപിച്ചു. എന്നാൽ ആരോപണത്തെ നിഷേധിക്കുകയാണ് ആരോഗ്യവകുപ്പ്.ഡിസംബര്‍ 19 നാണ് കടുത്ത പനിയും ശരീരവേദനയുമായി ദിയ ഫാത്തിമയെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പനിക്കുള്ള മരുന്ന് മാത്രം നൽകി കുട്ടിയെ തിരികെ അയച്ചുവെന്ന് കുടുംബം പറയുന്നു. പനി വിട്ടുമാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തി. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഡിസംബർ 26 നാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ദിയ ഫാത്തിമ മരണത്തിന് കീഴടങ്ങിയത്. പ്രകടമായ രോഗലക്ഷങ്ങൾ ഉണ്ടായിട്ടും താലൂക്ക് ആശുപത്രിയിൽ നിന്ന് കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി കുടുംബം ആവർത്തിക്കുന്നു. എന്നാൽ തങ്ങളുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പും മലപ്പുറം ഡിഎംഒയും വാദിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!