തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത സർക്കാർ നടപടി തീക്കളിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. കൂടാതെ കള്ളക്കേസെടുത്ത് മുപ്പതോളം പ്രവർത്തകരെ ജയലിലിടച്ചു. എന്നിട്ടും കലിയടങ്ങാതെയാണ് പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇടത് സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ മാർഗത്തിലാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത്. തൊഴിലില്ലായ്മ ഉൾപ്പെടെ ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിയായിരുന്നു സമരം. ന്യായമായ ഈ സമരത്തെ ടിയർ ഗ്യാസ് കൊണ്ടും ലാത്തി ഉപയോഗിച്ചുമാണ് പൊലീസ് നേരിട്ടത്. പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന കാട്ടാള ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു.സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് ബോധപൂർവ്വം സംഘർഷമുണ്ടാക്കിയപ്പോൾ പ്രവർത്തകരെ സമാധാനിപ്പിക്കാൻ നിന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്തതാണ്. സർക്കാർ നടപടി തീക്കളിയാണെന്ന് ഓർമ്മപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പൊലീസ് നടപടിയെ മുസ്‌ലിംലീഗ് ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും പ്രതികരണവുമായി രംഗത്തെത്തി. ജനവിരുദ്ധ നയങ്ങൾ കൈക്കൊളളുന്ന ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കൽതുറുങ്കിൽ അടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് തങ്ങൾ പറഞ്ഞു. ജനാധിപത്യത്തിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഫിറോസിനെ പൂജപ്പുര ജില്ലാ ജലിയിലേക്ക് മാറ്റി. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ നാശനഷ്ടമുണ്ടായതിന് എടുത്ത കേസുകളിലാണ് ഫിറോസിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോഘിച്ചു. ജില്ലാ, പഞ്ചായത്ത് ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നിലവിൽ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിലാണ്. സർക്കാരിൻ്റേത് രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു പി.കെ.ഫിറോസിൻറെ പ്രതികരണം