ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ പാർലമെന്റ് സംഘര്‍ഷത്തില്‍ കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാര്‍ലമെന്‍റ് പോലീസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ കേസെടുത്തിട്ടില്ല. ജീവന്‍ അപായപ്പെടുത്തും വിധം പെരുമാറി, മനപൂര്‍വം മുറിവേല്‍പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.അംബേദ്കറെച്ചൊല്ലി നടത്തുന്ന പ്രതിഷേധത്തിനിടെ സഭക്ക് അകത്തും പുറത്തും ഭരണപക്ഷ പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. ഇരുപക്ഷത്തെ എംപിമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റിരുന്നു.അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം. പാര്‍ലമെന്റില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിപക്ഷപ്രതിഷേധം. രാഹുല്‍ ഗാന്ധി പതിവ് വെള്ള ഷര്‍ട്ട് ഉപേക്ഷിച്ച് നീല ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നിന്നത്. ഇതേസമയം കോണ്‍ഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാര്‍ലമെന്റിന് മുന്‍പാകെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇവര്‍ മുഖാമുഖം വന്നതോടെയാണ് കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചത്. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് എംപിമാരും പരാതി നല്‍കിയിരുന്നു. അതില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!