കോതമംഗലം: തിങ്കളാഴ്ചയാണ് കോതമംഗലത്ത് കാട്ടാനയുടെ ചവിട്ടേറ്റ് എൽദോസ് എന്ന ചെറുപ്പക്കാരൻ ദാരുണമായി കൊല്ലപ്പെടുന്നത്.സംഭവത്തിൽ കുടുംബത്തിന് ഇന്നുതന്നെ ധനസഹായം നൽകുന്നതിന് നടപടി ആരംഭിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അങ്ങേയറ്റം വേദനാജനകവും ദൗർഭാഗ്യകരവുമായ സംഭവമാണുണ്ടായതെന്നും. കുടുംബത്തിന്റെ ഏക അത്താണിയായ യുവാവ് മരണപ്പെട്ടത് ഹൃദയവേദന ഉണ്ടാക്കുന്ന കാര്യമാണെന്നും ഒരു ചെറുപ്പക്കാരൻ ദാരുണമായി കൊല്ലപ്പെടുന്നത് നമുക്ക് അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. സംഭവം തന്റെ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ മോണിറ്ററിങ് നടത്താൻ എറണാകുളം ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സാധാരണ സഹായധനം രണ്ടു ഗഡുക്കളായാണ് നൽകാറുള്ളതെങ്കിലും എൽദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവൻ തുകയും നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനമന്ത്രി വ്യക്തമാക്കി.സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് ട്രഞ്ച് കുഴിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടർ മുഖാന്തിരം സർക്കാർ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി വനംവകുപ്പ് പാലിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.ടെൻഡർ നടപടികൾക്കുള്ള കാലതാമസം ഒരു പ്രശ്നമാണ്. വനംവകുപ്പിലെ ചെറിയ പ്രവർത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ല.യഥാസമയം പണം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. പണം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ കുട്ടമ്പുഴ, കോതമംഗലം റേഞ്ചിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹാങിങ് ഫെൻസിങ് ട്രഞ്ച് കുഴിക്കാനും പണം അനുവദിച്ചതാണ്. ടെൻഡർ നടപടികൾ പൂർത്തികരിക്കാനുള്ള കാലതാമസമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.വനപ്രദേശത്ത് കൂടുതൽ റോഡുകൾ നിർമിക്കുന്നത് ഉചിതമാണോ എന്ന ചോദ്യം ഉയരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. രാത്രിയും പകലുമില്ലാതെ ആളുകൾക്ക് സഞ്ചരിക്കുന്നതിന് സാഹചര്യം കൂടുതലായി ഒരുക്കിക്കൊടുക്കുന്നതിനനുസരിച്ച് ഇത്തരം അപകടങ്ങൾ വർധിക്കുകയാണെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.