പത്തനംതിട്ട: ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ല് ജംക്‌ഷനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. മല്ലശേരി സ്വദേശികളാണ് മരിച്ച നാലുപേരും. മല്ലശേരി സ്വദേശികളായ നവദമ്പതികൾ നിഖിലും അനുവും അനുവിന്റെ പിതാവ് ബിജു പി.ജോർജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനുമാണ് അപകടത്തിൽ മരിച്ചത്. എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ നവംബർ മുപ്പതിനായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽ ഹണിമൂൺ ആഘോഷിച്ച് മടങ്ങിവരവെയാണ് വിധി ഈ കുടുംബത്തോട് കൊടുംക്രൂരത കാട്ടിയത്. നാളെ ജന്മദിനം ആഘോഷിക്കാനിരുന്ന അനുവിനെ മരണം വാഹനാപകടത്തിന്റെ രൂപത്തിലെത്തി കൂട്ടിക്കൊണ്ടുപോയി; ഒപ്പം പ്രിയപ്പെട്ടവരെയും.നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കൾ പറഞ്ഞു. എട്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. നവംബർ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയിൽവെച്ചാണ് ഇരുവരും വിവാഹിതരായത്. തിങ്കളാഴ്ചയാണ് ദമ്പതികൾ മലേഷ്യയിലേക്ക് പോയത്. ഇന്നു പുലർച്ചെ തിരിച്ചെത്തിയ ഇരുവരെയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് മുറിഞ്ഞകല്ല് ജംക്‌ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിൽവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറും ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ചത്.കാനഡയിൽ ക്വാളിറ്റി ടെക്നീഷ്യനാണ് നിഖിൽ. അനു മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കി. ജനുവരിയിൽ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്.സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി മാനേജരാണ് പട്ടാളത്തിൽനിന്ന് വിരമിച്ച ബിജു. ബിജു ഇന്നലെ പള്ളിയിലെ കാരൾ സംഘത്തോടൊപ്പമുണ്ടായിരുന്നു. രാത്രി 10 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. കാരൾ സംഘത്തോട് പറഞ്ഞിട്ടായിരുന്നു യാത്ര. എല്ലാവരുമായും നന്നായി സഹരിക്കുന്ന വീട്ടുകാരാണെന്ന് നാട്ടുകാർ പറയുന്നു. ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു