ചെന്നൈ: മാന്നാർ കടലിടുക്കിന് മുകളിലായി രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ ചെമ്പരമ്പാക്കം റിസർവോയറിൽ ജലനിരപ്പുയർന്നു. ഇന്ന് രാവിലെ റിസർവോയറിൽ നിന്ന് 1000 ക്യുസെക്‌സും റെഡ് ഹിൽസ് റിസർവോയറിൽ നിന്ന് 500 ക്യുസെക്‌സും ജലം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. തമിഴ്‌നാടിന്റെ തെക്ക് ഭാഗങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്‌തതിനെ തുടർന്നാണ് ഈ നീക്കം. കൊടൈക്കനാൽ ഉൾപ്പെടെയുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളും ശക്തമായ മഴയെ തുടർന്ന് വിജനമായിരുന്നു.മഴ ശക്തമായതോടെ ഇന്ന് തമിഴ്നാട്ടിലെ വിവിധ ജില്ലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മധുര, തിരുച്ചി, മയിലാടുതുറൈ ഉൾപ്പെടെയുള്ള ജില്ലകളിലെ സ്‌കൂളുകൾക്കാണ് കളക്‌ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. മയിലാടുതുറൈ ജില്ലാ കളക്‌ടർ എപി മഹാഭാരതിയും മധുര കലക്ടർ എംഎസ് സംഗീതയും ഇന്ന് രാവിലെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.രാവിലെ മഴ കുറവായതിനാൽ ചെന്നൈ നഗരത്തിലെ സ്‌കൂളുകളും കോളേജുകളും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. കാരയ്‌ക്കലിലും പുതുച്ചേരിയിലുമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് മന്ത്രി എ നമശ്ശിവായം അറിയിച്ചു. സേലം, കടലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുച്ചി, തഞ്ചാവൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ പുതുക്കോട്ട, കരൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധിയാണ്. മഴ ശക്തമായതിനാൽ ദിണ്ടിഗൽ, തേനി ജില്ലകളിലെ സ്‌കൂളുകൾക്കും രാമനാഥപുരം, ശിവഗംഗ ജില്ലകളിലെ സ്‌കൂളുകൾക്കും അവധിയാണ്. തിരുനെൽവേലി, തെങ്കാശി, പേരാമ്പല്ലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചു. വിരുദുനഗർ ജില്ലയിൽ സ്കൂളുകൾക്കും അവധി നൽകി. അരിയല്ലൂർ കളക്ടർ പി രത്‌നസാമി സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. നാഗപട്ടണം ജില്ലാ കളക്ടർ പി ആകാശ് ജില്ലയിലെ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. കരൂർ, തിരുപ്പൂർ, വാൽപ്പാറ ജില്ലകളിലും സ്‌കൂളുകൾക്ക് മാത്രമാണ് അവധി.