കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ ആണെന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്. റീൽസ് എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് പറഞ്ഞു.. അതേസമയം, വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉടമസ്ഥർക്ക് നിർദേശം നൽകി. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ആൽവിനെ ഇടിച്ചത് ബെൻസ് കാറാണെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. രണ്ട് വാഹനങ്ങളുടെയും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം, ആൽവിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ബീച്ച് ആശുപത്രിയിൽ നടക്കും.രണ്ട് ആഡംബര കാറുകൾ ചേയ്സ് ചെയ്ത് വരുന്നതിൻറെ ദൃശ്യങ്ങൾ റോഡിൻറെ നടുവിൽ നിന്ന് ആൽവിൻ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാർ ആൽവിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടൻ തന്നെ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൻറെ ഉടമയുടേയും ബന്ധുവിൻറേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്.ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്ത് റോഡിൽ എത്തിയ ശേഷം ആൽവിനെ സ്റ്റേഷനു മുന്നിൽ ഇറക്കി. തുടർന്ന് മുന്നോട്ടു പോയ കാറുകൾ തിരിഞ്ഞു വരികയായിരുന്നു. അപ്പോഴേക്കും ആൽവിൻ റോഡിന്റെ മധ്യത്തിൽനിന്നു വിഡിയോ ചിത്രീകരണം ആരംഭിച്ചു. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. ആൽവിൻ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവാവ് അപകടത്തിൽപെട്ടത്. വിദേശത്തായിരുന്ന ആൽവിൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!