തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന ഏതു സമയത്തും ഹാജരാകണം, പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിക്കരുത്, കേസുമായി ബന്ധപ്പെട്ട് ആരെയും കാണാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ല, സുപ്രീം കോടതി വ്യവസ്ഥകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു.എന്നാൽ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നടൻ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ സംഘമാവശ്യപെട്ട ഫോണോ മറ്റു തെളിവുകളോ സിദ്ധിഖ് കൈമാറിയിരുന്നില്ല. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന യുവ നടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. സുപ്രീം കോടതി നേരത്തെ സിദ്ദിഖിന് മുൻകൂർജാമ്യം നൽകിയിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റൻറ് കമ്മീഷണർക്ക് മുന്നിൽ രാവിലെയാണ് സിദ്ദിഖ് ഹാജരായത്. കേസിൽ നേരത്തെ സിദ്ധിഖ് ചോദ്യം ചെയ്യലിനായി രണ്ട് തവണ ഹാജരായിരുന്നു.