കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. അബ്ദുൾ ഗഫൂർ ഹാജി(55)യുടെ മരണത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണം തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ജിന്നുമ്മ എന്നറിയപ്പെടുന്ന ഷെമീന ഉൾപ്പെടെയുള്ള സംഘം അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയത്. 596 പവനോളം സ്വർണമാണ് സംഘം കൈക്കലാക്കിയത്.കാസർകോട് മേൽപ്പറമ്പിൽ താമസിക്കുന്ന ഉബൈസ്(38), ഉബൈദിന്റെ ഭാര്യയും ജിന്നുമ്മയെന്ന് അറിയപ്പെടുന്ന മന്ത്രവാദിനിയുമായ ഷെമീന(38), ഇവരുടെ സംഘത്തിൽപ്പെട്ട അസ്‌നീഫ(34), വിദ്യാനഗർ സ്വദേശിനി ആയിഷ(40) എന്നിവരാണ് അറസ്റ്റിലായത്. ഉബൈസാണ് കേസിലെ ഒന്നാം പ്രതി. ഷെമീന രണ്ടാം പ്രതിയാണ്. അസ്നീഫയും ആയിഷയുമാണ് കേസിലെ മൂന്നും നാലുംപ്രതികൾ. ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ സംഘം ഗഫൂർ ഹാജിയെ തലയിൽ പ്രത്യേകവസ്ത്രം ധരിപ്പിച്ചശേഷം തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.ജിന്നുമ്മയെന്നാണ് ഷെമീന പ്രദേശത്ത് അറിയപ്പെട്ടിരുന്നത്. മന്ത്രവാ​ദമായിരുന്നു ഇവരുടെ മെയിൻ ഐറ്റം. സാമ്പത്തികമായി ഉയർന്നനിലയിലുള്ളവരെയാണ് ജിന്നുമ്മയും സംഘവും തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. സമ്പന്നരുടെ വിവരങ്ങൾ ആദ്യം തന്നെ ഇവർ ശേഖരിക്കും. കുടുംബപശ്ചാത്തലം അടക്കമുള്ള സകലവിവരങ്ങളും ഇതിലുണ്ടാകും. ശേഷം ജിന്നുമ്മയുടെ സവിശേഷതകൾ ഇവരെ അറിയിക്കാനാകും ശ്രമം. സമ്പന്നരുടെ വീടുകളിലെത്തി മന്ത്രവാദിനിയായ ജിന്നുമ്മയാണ് തങ്ങളുടെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കിയതെന്ന് സംഘത്തിലെ ചിലർ സാക്ഷ്യംപറയും. കാസർകോട് ജില്ലയിലെ ഒട്ടേറെ പണക്കാരുടെ വീടുകളിൽ ഈ സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.സമ്പന്നരായ ഇരകൾ തട്ടിപ്പിൽ വീഴുന്നതോടെ ഘട്ടംഘട്ടമായി സ്വർണവും പണവും കൈക്കലാക്കുന്നതാണ് പ്രതികളുടെ രീതി. സ്വർണനിറമുള്ള കടലാസിൽ അറബി മന്ത്രം എഴുതിയുള്ള തകിടിന് 55,000 രൂപയാണ് മന്ത്രവാദിനിയായ ജിന്നുമ്മ ഈടാക്കിയിരുന്നത്. ഇതിനുപുറമേ കൂടോത്രം കുഴിച്ചെടുക്കലും തകിട് കുഴിച്ചിടലുമെല്ലാം ഇതിൽ ഉൾപ്പെടും. അർധരാത്രിയിലാണ് ഇതെല്ലാം നടത്തുന്നത്. ഈ മന്ത്രവാദത്തിന് ശേഷം ജിന്നുമ്മ ‘പാത്തൂട്ടി’യായി ഉറഞ്ഞുതുള്ളും. മലയാളം സംസാരിക്കുന്ന കർണാടകക്കാരിയാണ് പാത്തൂട്ടിയെന്നും പാത്തൂട്ടിയുടെ ആത്മാവാണ് ജിന്നുമ്മയുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നതെന്നും ഇവർ വിശ്വസിപ്പിക്കും. പാത്തൂട്ടിയായി ഉറഞ്ഞുതുള്ളുന്ന ജിന്നുമ്മ ഈ ഘട്ടത്തിലാണ് അവസാനത്തെ പരിഹാരക്രിയകൾ നിർദേശിക്കുക. ഇതിനുശേഷവും പ്രതികൾ സ്വർണവും പണവും കൈക്കലാക്കും. മന്ത്രവാദത്തിന്റെ എല്ലാ ഘട്ടങ്ങളും അവസാനിക്കുമ്പോഴേക്കും വൻതുകയുടെ സ്വർണമാകും പ്രതികൾ തട്ടിയെടുത്തിരിക്കുന്നത്. തട്ടിപ്പിനിരയാകുന്നവരെല്ലാം സമ്പന്നരും സമൂഹത്തിൽ അറിയപ്പെടുന്നവരും ആയതിനാൽ ആരും പരാതിയൊന്നും നൽകാറില്ല. ഇതായിരുന്നു പ്രതികളുടെ ആത്മവിശ്വാസവും.അറസ്റ്റിലായ ജിന്നുമ്മയ്ക്ക് നേരത്തെതന്നെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് പറയുന്നത്. വർഷങ്ങൾക്ക് മുൻപ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണിട്രാപ്പിൽപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം യുവതി ജയിലിൽ കിടന്നിരുന്നു. അന്ന് ഒപ്പംനിന്നവരാണ് ഇപ്പോഴത്തെ ആത്മീയതട്ടിപ്പ് സംഘത്തിലുള്ളതെന്നും പോലീസ് പറയുന്നു.2023 ഏപ്രിൽ 14-ാം തീയതി പുലർച്ചെയാണ് ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവദിവസം ഗഫൂർ ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വാഭാവിക മരണമെന്ന് കരുതി പിന്നാലെ മൃതദേഹം കബറടക്കുകയുംചെയ്തു. എന്നാൽ, ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കളായ ചിലർ വീട്ടിലെത്തി. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗഫൂർ ഹാജി തങ്ങളിൽനിന്ന് സ്വർണം വായ്പയായി വാങ്ങിയെന്നാണ് ഇവരെല്ലാം പറഞ്ഞിരുന്നത്. 12 പവനും 19 പവനും ഉൾപ്പെടെ പലരിൽനിന്നും പല അളവുകളിലാണ് ഗഫൂർ ഹാജി സ്വർണം വായ്പയായി വാങ്ങിയിരുന്നത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ അവിടെയുണ്ടായിരുന്ന സ്വർണവും കാണാനില്ലെന്ന് വ്യക്തമായി. സാമ്പത്തികമായി ഉയർന്നനിലയിലുള്ള ഗഫൂർ ഹാജി എന്തിനാണ് ഇത്രയും സ്വർണം വായ്പ വാങ്ങിയതെന്നത് ചോദ്യമായി. ആകെ 596 പവൻ സ്വർണം ഇത്തരത്തിൽ നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമായതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു. ഇതോടെ ഗഫൂർ ഹാജിയുടെ മകൻ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!