കോഴിക്കോട്: മലപ്പുറം സ്വദേശിനി ഫസീലയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ തൃശ്ശൂർ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫിനെ (28) പൊലീസ് കുടുക്കിയത് അന്വേഷണ മികവിലൂടെ. മീശ വടിച്ചും മുടിയെടുത്തും മൊബൈൽ ഫോൺ സ്വിച്ചോഫാക്കിയും അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ സനൂഫ് പല വിദ്യകളും പുറത്തെടുത്തെങ്കിലും കോഴിക്കോട് സിറ്റി പോലിസിന്റെ ‘ഓപ്പറേഷൻ നവംബർ’ന് മുന്നിൽ അതെല്ലാം നിഷ്പ്രഭമായി. കോഴിക്കോട് സിറ്റി പോലീസിന്റെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥർ അണിനിരന്ന അന്വേഷണ സംഘത്തിന്റെ കണ്ണുകെട്ടാൻ സനൂഫിന് ഒരുപാട് ദിവസം കഴിഞ്ഞില്ല.മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജിൽവെച്ച് പ്രതി കൊലപ്പെടുത്തിയത് നവംബർ 26-നാണ്. ആദ്യം പൊലീസിന് ലോഡ്ജ് മുറിയിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കഥ മാറി. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതോടെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. യുവതിയുമൊത്ത് ലോഡ്ജിൽ മുറിയെടുത്ത സനൂഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.സിറ്റി പോലീസിന്റെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പോലീസ് കമ്മിഷണർ ടി.നാരായണന്റെ കീഴിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണം. ടൗൺ എ.സി.പി. അഷറഫ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നടക്കാവ് ഇൻസ്‌പെക്ടർ എൻ.പ്രജീഷ് ആയിരുന്നു സ്‌ക്വാഡ് തലവൻ.സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അബ്ദുൾ സനൂഫ്, പാലക്കാട് കാർ ഉപേക്ഷിച്ചശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ടത് പോലീസിനെ കുഴപ്പിച്ചു. തുടർന്ന് കേരളം തമിഴ്‌നാട്, കർണാടക എന്നിവടങ്ങളിലായി വ്യാപിപ്പിച്ച അന്വേഷണത്തെ ഏകോപിപ്പിച്ചത് ഓപ്പറേഷൻ നവംബർ എന്ന വാട്‌സാപ്പ് ഗ്രൂപ്പായിരുന്നു. മലപ്പുറം പാലക്കാട് തൃശൂർ എന്നിവിടങ്ങളിൽ രഹസ്യാന്വേഷണം നടത്തിയും സി.സി.ടി.വികൾ പരിശോധിച്ചും ശേഖരിച്ച വിവരങ്ങൾ എ.സി.പി. ഉൾപ്പടെയുള്ള പോലീസ് സംഘം പരസ്പരം ചർച്ചചെയ്ത് നിഗമനത്തിലെത്തിയായിരുന്നു അന്വേഷണം.ലഭ്യമായ ഫോട്ടോകളും ഫോൺ നമ്പരുകളും സി.സി.ടി.വി. ദൃശ്യങ്ങളും അതത് സമയത്ത് ഗ്രൂപ്പിൽ പങ്കുവെച്ചത് അന്വേഷണ വേഗത കൂട്ടി. കൊലനടന്നതിന്റെ പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാലക്കാട് കണ്ടെത്തിയ കാറാണ് ആദ്യസൂചന നൽകിയത്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതി ടൗൺ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയതായി മനസിലാക്കി. മുറിയിൽനിന്ന് രക്ഷപ്പെട്ട സമയത്തെ വേഷവിധാനങ്ങൾ മാറ്റിയും മീശവടിച്ചും രൂപമാറ്റം വരുത്തി പ്രതി റെയിൽവെസ്റ്റേഷനിലെത്തിയതായി അന്വേഷണസംഘം കണ്ടെത്തി. പക്ഷേ, എവിടേക്കാണ് പോയതെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.തുടർന്ന് കർണാടകയിൽ വെച്ച് രണ്ടുതവണ പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കിട്ടി. ആ രണ്ടുസമയവും പാലക്കാട്-ബാംഗ്ലൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ സമയമാണെന്ന് മനസ്സിലാക്കിയതോടെ യാത്ര ബെംഗളൂരുവിലേക്കാണെന്ന നിഗമനത്തിൽ പ്രത്യേകസംഘം എത്തി. തുടർന്നായിരുന്നു നടക്കാവ് എസ്.ഐ. ബിനു മോഹന്റെ നേതൃത്വത്തിൽ രണ്ടു ടീമുകൾ ബാംഗ്ലൂരിൽ എത്തി അന്വേഷണം നടത്തിയത്. പോലീസ് ബെംഗളൂരുവിലുണ്ടെന്ന വിവരമറിഞ്ഞ പ്രതി ഫോൺ പ്രവർത്തിപ്പിക്കാതെ വൈഫൈ ഉപയോഗിച്ചും വാട്‌സ്ആപ് കോൾ ചെയ്തുമാണ് കാര്യങ്ങൾ അറിഞ്ഞിരുന്നത്.ബെംഗളൂരുവിൽ ഹോട്ടലിൽ മുറിയെടുത്ത് യുട്യൂബിൽ ടി.വി. വാർത്തകൾ കണ്ട് അന്വേഷണസംഘത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച സനൂഫ് തന്റെ ഫോട്ടോ പതിച്ച ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ച് മനസിലാക്കുകയും നോഷ്യൽ മീഡിയയിലൂടെ ഇത് കണ്ട ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന് ഭയന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുകയുമായിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയായ ചൗഢ ഗൗഢ എന്നയാളുടെ സിം സംഘടിപ്പിച്ച് വിളിച്ച് തമിഴ്‌നാട്ടിലേക്ക് നീങ്ങിയ പ്രതി, ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടത് പോലീസ് കണ്ടെത്തി.ഗൂഗിൾ വഴി ഹോട്ടലിനെക്കുറിച്ച് സകലവിവരവും ശേഖരിച്ച പോലീസ് സംഘം ഹോട്ടൽ വളഞ്ഞപ്പോൾ സനൂഫ് മുറിയിലെ ടി.വിയിൽ യൂട്യൂബിൽ ക്രൈം വാർത്തകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രതിക്ക് രക്ഷപ്പെടാൻ പഴുതുപോലും നൽകാതെ ഓപറേഷൻ നവംബർ ചെന്നൈ ആവഡിയിലെ ലോഡ്ജിൽ അവസാനിക്കുകയായിരുന്നു. തുടർന്ന് സനൂഫ് താൻ ചെയ്ത കുറ്റമെല്ലാം പോലീസിനോട് ഏറ്റുപറഞ്ഞു.മുൻപ് ബസ് ഡ്രൈവറായിരുന്നു അബ്ദുൾ സനൂഫ്. അങ്ങനെയാണ് ഫസീലയുമായി പരിചയത്തിലാകുന്നത്. ഇതിനിടെ സനൂഫിനെതിരെ ഫസീല ഒറ്റപ്പാലത്ത് ബലാത്സംഗ കേസ് നൽകി. ഈ കേസിൽ രണ്ടരമാസം റിമാൻഡിലായിരുന്നു ഇയാൾ. ഇതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസ് പറഞ്ഞുതീർത്ത് കരാർ എഴുതണമെന്ന് പറഞ്ഞാണ് സനൂഫ് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് യുവതിയുമായി ഇക്കാര്യത്തിൽ വാക്കേറ്റം നടക്കുകയും കഴുത്തിൽ അമർത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.നടക്കാവ് ഇൻസ്‌പെക്ടർ എൻ. പ്രജീഷ് എസ്.ഐമാരായ ബിനുമോഹൻ, ലീല, സാബു, രമേശൻ, ബാബു മമ്പാട്ടിൽ, എ.എസ്.ഐ. നിഷ, വനിതാ സി.പി.ഒ. സോമിനി എന്നിവർക്ക് പുറമെ എസ്.സി.പി.ഒമാരായ സജിഷ്, ശ്രീരാഗ്, റിജേഷ്, സിറ്റി സ്‌ക്വാഡിലെ ഷാലു, സുജിത്ത്, ജിനീഷ്, പ്രശാന്ത്കുമാർ, ഹാദിൽ കുന്നുമ്മൽ, രാഗേഷ്, ഷാഫി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.