വയനാട്: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ട സഹായം വൈകുന്നു എന്നാരോപിച്ച് വയനാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. കളക്റ്ററേറ്റിന് മുൻപിൽ വച്ച ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേയ്ക്ക് മാറ്റി.അതേസമയം, ദുരിത ബാധിതർക്ക് ഭയം വേണ്ടെന്നും സർക്കാർ കൂടെയുണ്ടെന്നും ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. വയനാട്ടിലെ പുനരധിവാസത്തിനായി പ്ലാൻ്റേഷൻ ഭൂമികളെല്ലാം നേരിട്ട് സന്ദർശിച്ചെന്നും അപകടങ്ങളുണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റാനാണ് ശ്രമം എന്നും കെ രാജൻ വ്യക്തമാക്കി.പുനരധിവാസത്തിന് ഭൂമി ലഭ്യമാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. ജന്മവകാശം വഴിയുള്ള ഭൂമികൾ അവിടെ കുറവാണ്. ഭൂപരിഷ്കരണത്തിൻ്റെ 81 പ്രകാരം എക്സപ്ഷൻ ഉള്ള ഭൂമിയാകും അല്ലെങ്കിൽ സർക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുള്ള ഭൂമിയാകാം. അത്തരം പ്രശ്നങ്ങളുള്ള ഭൂമി ഏറ്റെടുക്കാൻ ചില പ്രശ്നങ്ങളുണ്ടാകാമെന്നും ഇപ്പോൾ അങ്ങനെയൊരു പ്രശ്നമില്ലെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. പുനരധിവാസത്തിനായി ടൗൺഷിപ്പുണ്ടാക്കാനാണ് ആലോചന. പുനരധിവാസത്തിന് അനുയോജ്യമായ 25 സ്ഥലങ്ങൾ നേരിട്ട് പോയി കണ്ടിരുന്നു. അതിന് ശേഷം ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം അതിൽ ഒമ്പത് സ്ഥലങ്ങൾ അപകടരഹിതമെന്ന് കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കൈവശാവകാശവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എളുപ്പത്തിലാക്കാൻ ദുരന്തനിവാരണ നിവാരണ നിയമ പ്രകാരമായിരുന്നു ഭൂമി ഏറ്റെടുത്തത്. ഇതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകൾ കോടതിയിൽ പോയി. സ്ഥലത്തിന് പണം കൊടുക്കാൻ സാധ്യമാണോ എന്നാണ് കോടതി ചോദിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പണം കോടതിയിൽ കെട്ടിവെയ്ക്കാമെന്നും കോടതി ഉടമസ്ഥരെന്ന് തീരുമാനിക്കുന്നവർക്ക് പണം കൈമാറാമെന്നുമുള്ള സർക്കാരിൻ്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വാദം കേട്ട കോടതി വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്. കോടതി തീരുമാനം അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത് എന്നും മന്ത്രി കെ രാജൻ പറഞ്ഞത്.