ഇടുക്കി: സ്കൂൾവിട്ട് വിദ്യാർത്ഥികളുമായി എത്തിയ ബസിന് നേരെ പാഞ്ഞടുത്ത് പടയപ്പ. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിലായിരുന്നു സംഭവം. ആനയെ കണ്ടതോടെ സ്കൂൾ ബസ് നിർത്തിയിട്ടെങ്കിലും ബസിന് നേരെ പടയപ്പ പാഞ്ഞടുത്തു. ഈ സമയത്ത് കുട്ടികൾ ഭീതിയോടെ നിലവിളിച്ചു. ബസ് പിറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സമയത്ത് ബൈക്ക് യാത്രിക്കാരനും കാട്ടാനയുടെ മുന്നിൽപ്പെട്ടിരുന്നു. അയാൾ ബൈക്ക് പിറകോട്ടെടുത്തതോടെ താഴെ വീഴുകയായിരുന്നു.ഈ പ്രദേശത്ത് നേരത്തെ തന്നെ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശനഷ്ടം വിതച്ച പടയപ്പടെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു. അതേസമയം, പടയപ്പ ആരേയും ആക്രമിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആർആർപി സംഘത്തിൻ്റെ നിരീക്ഷണം തുടരുകയാണ്.