കോഴിക്കോട്: മതവൈജ്ഞാനിക സാമൂഹികസാംസ്കാരിക വിദ്യാഭ്യാസ ധൈഷണിക ബൗദ്ധിക രംഗങ്ങളിൽ കേരളീയ മുസ്‌ലിം മോഡൽ തീർക്കുന്നതിൽ അനൽപമായ പങ്കുവഹിച്ച് ഉലമാ- ഉമറാ പാരസ്പര്യത്തിൻ്റെ പാത പണിത സമസ്തയുടെ മഹിതമായ ആശയാദർശ ആചാര കീഴ് വഴക്കങ്ങൾ വിശദീകരിക്കുകയും പ്രതിരോധ സംവിധാനങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യുന്ന സമസ്ത ആദർശ സംരക്ഷണ സംഗമം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 3 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സമസ്ത സംവിധാനങ്ങളുടെ ജില്ലാതല പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന സംഗമത്തിൽ കാലിക കാര്യങ്ങൾ വിശദീകരിക്കും. മതന്യൂനപക്ഷ സമൂഹത്തിൻ്റെ അസ്തിത്വം നിഷേധിച്ചും ആരാധനാലയങ്ങൾ തകർത്തും പരസ്പരം ഭിന്നിപ്പിച്ചും അധികാരം ഉറപ്പിക്കുന്ന സംഘപരിവാർ സ്വാധീനകാലത്ത് മതനിഷേധകമ്മ്യൂണിസ്റ്റ് അജണ്ടയുടെ ഭാഗമായി നടക്കുന്ന സാമുദായിക ശിഥിലീകരണത്തെ സംഗമം തുറന്ന് കാട്ടും.വൈകിട്ട് 3 മണിക്ക് എം സി മായിൻ ഹാജി അധ്യക്ഷതയിൽ ചേരുന്ന പരിപാടി സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് അംഗവും സമസ്ത മലപ്പുറം ജില്ലാ ജന. സെക്രട്ടറിയുമായ പുത്തനഴി മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്യും.അബൂബക്കർ ബാഖവി മലയമ്മ ആമുഖഭാഷണവും ഓണംപള്ളി മുഹമ്മദ് ഫൈസി വിഷയാവതരണവും നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂർ, ഹാജി യു മുഹമ്മദ് ശാഫി, ആർ വി കുട്ടി ഹസൻ ദാരിമി, അബ്ദുറഹ്‌മാൻ കല്ലായി, പി.എ ജബ്ബാർ ഹാജി, ശറഫുദ്ദീൻ വെൺമനാട്, അബൂബക്കർ ഫൈസി മലയമ്മ പ്രസംഗിക്കും. സലീം എടക്കര ദ്വൈമാസ കർമ്മപദ്ധതി അവതരിപ്പിക്കും. സമസ്‌തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും പ്രാസ്ഥാനിക പ്രവർത്തകരും പങ്കെടുക്കണമെന്ന് സംഘാടക സമിതി കൺവീനർ അറിയിച്ചു.